14 November 2012
യാത്രാമൊഴി
06 June 2012
വെട്ടിന്റെ രാഷ്‌ട്രീയം
`ദൈവത്തെ നിഷ്‌കാസനം ചെയ്‌തവര്‍
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന്
മനുഷ്യനെയും മനുഷ്യത്വത്തെയും
കുടിയിറക്കുന്നു; പൈശാചികമായി...
കൊലയാളികള്‍ മുഖം കഴുകി;
ചെങ്കൊടിയുടെ ചുവപ്പിനെ
ആവേശത്തോടെ നെഞ്ചേറ്റിയ
വിപ്ലവകാരിയുടെ ദേഹത്ത് നിന്ന്
തെറിച്ച ചുടുചോര കൊണ്ട്...
രാഷ്‌ട്രീയമറിയാത്ത കുരുന്നുകളുടെ
കണ്ണുകളും പുസ്‌തകങ്ങളും
അധ്യാപകന്റെ രക്തംകൊണ്ട്
ചുവപ്പിച്ച നരാധമര്‍
താണ്‌ഡവം തുടരുന്നു
അല്ലയോ സഖാവെ; എന്തിന്റെ
പേരിലാണ് ന്യായീകരിക്കുക;?
നിങ്ങളുടെ പഴയ സതീര്‍ത്ഥ്യനെ
ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍
അടച്ച കാപാലികത്വത്തിന്
പിന്നിലെ പ്രത്യയശാസ്‌ത്രത്തെ......
ഒന്നുറപ്പാണ്...
എന്നേ മരിച്ച പ്രത്യയശാസ്‌ത്രത്തിന്റെ
ഇരുളടഞ്ഞ ശവക്കല്ലറയില്‍ നിന്ന്
അവസാനത്തെ ആണിയും
അടര്‍ത്തിയെടുക്കുന്ന
നിങ്ങളുടെ സ്വപ്‌നങ്ങളില്‍
അരശതം വെട്ടുകള്‍ കൊണ്ട്
വികൃതമാക്കിയ ആ മുഖം
അശാന്തിയുടെ കാളിമ പടര്‍ത്തും. `
17 January 2009
കരിയിലകള്‍

ഇരുട്ട് പരവതാനി വിരിച്ച
ഇരുണ്ട വീഥിയില്‍..
പുതുമഴയുടെ ഗന്ധം
ആര്‍ത്തിയോടെ നുകര്‍ന്ന
വരണ്ട മണ്ണിനെ
ചുംബിക്കാന്‍ തിടുക്കം കൂട്ടിയ
നനുത്ത കരിയിലകള്‍..
നാളിത്രയും താലോലിച്ച;
വന്‍മരത്തിന്റെ ശാഖകള്‍ക്ക്
കരച്ചിലടക്കാനായില്ല;
പൊക്കിള്‍ക്കൊടിയില്‍
അലിഞ്ഞുചേര്‍ന്ന
രക്തബന്ധത്തിന്റെ
തീഷ്ണത അവ
മനസ്സിലാക്കിയിരിക്കാം.
അഭയം തന്ന;
ഞെട്ടുകളോട് പോലും
യാത്രപറയാന്‍
സമയം അനുവദിച്ചില്ല;
സമയം തെറ്റിവന്ന
കാറ്റിന് ചെവിയില്ലെന്ന്
അടക്കം പറഞ്ഞത്,
മരത്തിന്നുയരം അളക്കാന്‍
ശ്രമിച്ച ഉറുമ്പുകളായിരുന്നു.
നിലത്തടര്‍ന്നു വീണ
മഴത്തുള്ളികള്‍
കരിയിലയുടെ കിടപ്പ്
കണ്ട് സഹതപിച്ചു.
പോകാന്‍ സമയമായെന്ന്
പറയാന്‍ സാധിച്ചില്ല.
ആത്മീയതയുടെ -
ആളനക്കങ്ങള്‍
അവശേഷിപ്പിക്കാന്‍ മാത്രം
വലുപ്പമുണ്ടായിരുന്നില്ല;
കരിയിലകളുടെ ആത്മാവിന്..
30 July 2008
അകലം

ദേഹത്തോട് പറ്റിച്ചേര്‍ന്നിരിക്കാന്‍
കഴിയാത്തതുകൊണ്ടായിരിക്കാം
ഇടതുവശത്ത് നാലറകളിലായി
അടക്കം ചെയ്ത ചുവന്നപാത്രം
ആവേശത്തോടെ കുതിക്കുകയായിരുന്നു.
വേഗത തീരെ കുറവാണെന്ന്
അവളോട് ഉറക്കെപറയാന്‍
വല്ലാത്തൊരു മടിയായിരുന്നു
നന്നെ തളര്‍ന്നു തുടങ്ങിയ
കണങ്കാലുകള്‍ക്ക്;
കൃഷ്ണനിറമാര്‍ന്ന
ഇളംമേനിയ്ക്കകത്തെ
വെളുത്ത മനസ്സിന് എന്നാല്‍;
ഒട്ടും അറപ്പ് തോന്നിയിരുന്നില്ല.
അവളുടെ സ്ഥൂലശരീരത്തിന്
ആ കുതിപ്പ് ചേരില്ലെന്ന് പറയാന്‍.
കടല്‍ക്കരയില്‍ നിന്നും
ആര്‍ത്തലച്ചെത്തുന്ന
തണുത്ത കാറ്റിനെ
പ്രതിരോധിക്കാന്‍ മാത്രം
ശക്തിയില്ലായിരുന്നു.
അലക്ഷ്യമായി ധരിച്ച
വസ്ത്രത്തിനുള്ളിലെ
തളര്‍ന്ന മേനിയ്ക്ക്.
ഓരോ കാല്‍വയ്പ്പിലും
അവളുടെ ശിരസ്സ്
പിറകോട്ട് ചലിച്ചുകൊണ്ടിരുന്നു.
ഭീതിയുടെ തീവ്രത
ഉറക്കം തൂങ്ങിയ കണ്ണൂകളിലെ
ഇരുണ്ട കൃഷ്ണമണികള്‍
വിളിച്ചറിയിക്കാന്‍ ശ്രമിച്ചു.
തനിക്ക് പിന്നിലായ്
പതിയെ നടന്നു തുടങ്ങുന്ന
ആ കറുത്ത രൂപം
സ്വന്തം നിഴലാണെന്ന്
വിശ്വസിക്കുവാനാണ്
ആഗ്രഹിച്ചിരുന്നത്. പക്ഷെ;
നിഴലിനും ജീവനുണ്ടെന്ന തോന്നല്‍
അവളുടെ കാലടികള്‍ക്കിടയിലെ
അകലം വര്‍ധിപ്പിച്ചുകൊണ്ടിരുന്നു.
15 June 2008
ഷഹരാസാദ്

""വാമഭാഗമെന്ന് കരുതി
ഓമനിച്ച പ്രിയപത്നി
ശയനസുഖത്തിന്
മറുകര തേടിയപ്പോള്‍
അപമാനബോധത്തേക്കാള്‍
അമര്‍ഷമായിരുന്നു
ഷഹരിയാറിനെ നയിച്ചതെന്ന
സത്യം വിളിച്ചുപറയാന്‍
സുല്‍ത്താണ്റ്റെ വാള്‍ത്തലപ്പില്‍
നിന്നുതിര്‍ന്നുവീണ രാജ്ഞിയുടെ
ചോരത്തുള്ളികള്‍ക്ക്
വല്ലാത്ത ധൃതിയായിരുന്നു.. ."
"പ്രണയവുമടുപ്പവും
പകയുടെ തീക്കനലിന്
വഴിമാറിത്തുടങ്ങിയപ്പോള്‍
അറ്റുവീണ ശിരസ്സ്
ദാനം ചെയ്ത
ചുവന്ന ജലത്തിനും
തീഷ്ണത പോരെന്ന്
ഷഹരിയാറിണ്റ്റെ മനം മന്ത്രിച്ചു.
ഗരിമയുടെ ചക്രവാളത്തിന്‍മേല്‍
കരിനിഴല്‍ വീഴ്ത്തിയ വഞ്ചനയ്ക്ക്
കണക്കുപറയേണ്ടിവന്നത്
രാജ്യത്തെ കന്യകമാരായിരുന്നു."
"ഓരോ ആദ്യരാത്രികളും
അന്ത്യരാത്രിയുടെ
മൂടുപടമണിഞ്ഞപ്പോള്‍
മണല്‍ക്കാടുകള്‍ ചുടുചോര
കിനിയുന്ന കന്യാശിരസ്സുകള്‍
സഹര്‍ഷം ഏറ്റുവാങ്ങി
ദാഹം ശമിപ്പിക്കുവാന്‍ ശ്രമിച്ചു."
"മരണത്തിണ്റ്റെ ഗന്ധമുള്ള
മണിയറയുടെ അകത്തളത്തിലേക്ക്
ഊരിപ്പിടിച്ച ഖഡ്ഗവുമായെത്തിയ
സുല്‍ത്താനെ, ഷഹരാസാദെന്ന*
മന്ത്രിപുത്രി നയിച്ചത്
കഥകളുടെപറുദ്ദീസയിലേക്കായിരുന്നു."
"പ്രതികാരം ജിജ്ഞാസയ്ക്ക്
വഴിമാറിയപ്പോള്‍
ഷഹരിയാറിന് നിദ്രാവിഹീനമായ
ആയിരത്തൊന്ന് രാവുകള്‍
കനിഞ്ഞുനല്‍കിക്കൊണ്ട്
ഷഹരാസാദിണ്റ്റെ ചെഞ്ചുണ്ടില്‍
കഥകളുടെ കനലെരിഞ്ഞു."
"ഒടുവില്‍;
ആകാംക്ഷയുടെ ഏണിപ്പടിയിലേക്ക്
തണ്റ്റെ ആത്മാവിനെത്തന്നെ
നയിച്ചാനയിച്ച
കഥകളുടെ തമ്പുരാട്ടിയെ
വാളിന്നിരയാക്കാന്‍
മനസ്സ് ഒരുക്കമല്ലായിരുന്നു.
സുല്‍ത്താണ്റ്റെ ഹൃദയം
അതിനകംതന്നെ
അവളുടേതായിക്കഴിഞ്ഞിരുന്നു."
(* : ജീവനെപ്പോലെ താന്‍ സ്നേഹിച്ച രാജ്ഞിയുടെ
വിശ്വാസവഞ്ചനയ്ക്ക് പാത്രമാവേണ്ടിവന്ന
ഷഹരിയാര്‍ രാജാവ് അവളെ തണ്റ്റെ വാളിന്നിരയാക്കി.
അമര്‍ഷം അടക്കാനാവാതെ തുടര്‍ന്ന് ഓരോ ദിനങ്ങളിലും
കന്യകകളെ വിവാഹം ചെയ്ത് അവരെ വിവാഹരാത്രിയില്‍
തന്നെ വധിച്ച സുല്‍ത്താണ്റ്റെ രോഷമടക്കിയത്
ഷഹരാസാദെന്ന മന്ത്രിപുത്രിയായിരുന്നു. കഥകളുടെ കലവറയിലേക്ക്
സുല്‍ത്താനെ നയിച്ച അവര്‍ ഓരോ രാത്രികളും
ഓരോ കഥകള്‍ പറഞ്ഞ് സുല്‍ത്താനെ രസിപ്പിച്ചു.
ആയിരത്തൊന്ന് രാത്രികള്‍ ഷഹരിയാറിനെ
ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഷഹരാസാദ് പറഞ്ഞ
കഥകളാണ് ആയിരത്തൊന്ന് രാവുകള്‍ എന്ന പേരില്‍ പ്രശസ്തമായത്.)
22 May 2008
സമയം

(* രാവിന് ദൈര്‍ഘ്യം കൂടിയ വര്‍ഷത്തിലെ ഒരേയൊരു ദിനം)
06 May 2008
കൂട്ട്

ഹൃദയരക്തത്തിന്റെ
നിറം ലഭിക്കണമെന്ന്
വാശി പിടിച്ചുകരയുന്നതിലെ
അര്‍ത്ഥ ശൂന്യതയേക്കാള്‍
വലുതായിരിക്കുമോ..
സ്പര്‍ശനങ്ങള്‍ക്ക്
ധാര്‍മ്മികത വേണമെന്ന്
പറയുന്നതിലെ
നിരര്‍ത്ഥകത..
ഇരുട്ടിന്റെ ഉള്ളറകളിലേക്ക്
പതര്‍ച്ചയില്ലാതെ
കാമുകനൊത്ത് കടന്നുപോയ
വഴികളില്‍ നിനക്ക്
കേള്‍ക്കാമിന്ന്;
നഷ്ട സ്വപ്നങ്ങളുടെ
സീല്‍ക്കാരങ്ങള്‍.....
പവിഴപ്പുറ്റുകളില്‍
ചെന്നലച്ച
ജല കണികകള്‍
മന്ത്രിക്കാന്‍ ശ്രമിച്ചത്
അവളുടെ തീരാത്ത
നഷ്ടത്തെക്കുറിച്ചായിരിക്കണം.
ശരീരത്തിന്റെ ദാഹം
ശമിപ്പിക്കാനുള്ള ഒന്നായി
പ്രണയത്തെകണ്ട നാളുകള്‍
മനസ്സിനെ മാത്രമല്ല
ആത്മാവിനെ കൂടിയാണ്
സ്വയമശുദ്ധമാക്കിയത്.
യാഥാര്‍ത്ഥ്യത്തിന്റെ
വെളുത്ത കരങ്ങള്‍ കൊണ്ട്
കാലം വികാരങ്ങളുടെ
പുകമറയ്ക്ക്
അന്ത്യം കുറിച്ചപ്പോള്‍
അവള്‍ തീരിച്ചറിഞ്ഞിരിക്കാം...
ഇനിയും കറുപ്പ്
ബാധിച്ചിട്ടില്ലാത്ത
നനുത്ത രാത്രികള്‍
അവള്‍ക്കായ്....
അവള്‍ക്കു മാത്രമായ്...
കൂട്ടിരിക്കുമെന്ന് .....
15 April 2008
കണ്ണാടി

"പ്രതീക്ഷകള്‍ക്ക് ജീവന്‍ വച്ച
സ്വപ്നങ്ങള്‍ക്കൊടുവില്‍
പറുദ്ദീസയുടെ
തനിപ്പകര്‍പ്പെന്ന്
സ്വയം ധരിച്ചുവെച്ച
ഇടുങ്ങിയ മുറിയുടെ
അകത്തളത്തിലിരിക്കവെ -
"വസൂരി കനിഞ്ഞുനല്‍കിയ
അടയാളങ്ങള്‍
അവളുടെ മുഖത്തിന്
മാറ്റൂകൂട്ടിയിരുന്നു...!
ആശ്വാസത്തിന് -
ഇടനല്‍കിയത്;
മനസ്സിലേറ്റ പാടിനോളം
വരില്ലല്ലോ പുറത്തുള്ളതെന്ന
തോന്നല്‍ മാത്രം."
"അടങ്ങാത്ത പകയുടെ
തീവ്രത കൊണ്ടാവണം..
ദര്‍പ്പണത്തിന്റെ മറുവശത്ത്
ഒളിഞ്ഞുനിന്ന രസപാളികള്‍
പതിയെ അടര്‍ന്നുമാറിതുടങ്ങി"
"തന്റെ പ്രതിബിംബത്തെ
ക്ഷണനേരത്തേക്കെങ്കില്‍ പോലും
അനുവാദമില്ലാതെ
കടമെടുക്കാന്‍
കണ്ണാടിയ്ക്കെന്തവകാശം..?
ആത്മഗതത്തിന്റെ ഉള്ളറകളിലും
കണ്ണാടി കടന്നുകഴിഞ്ഞിരുന്നു.."
"വൈരൂപ്യത്തിന്റെ പ്രഭാവം..
ആത്മവിശ്വാസത്തിന്റെ
അവസാനത്തെ കണികപോലും
അവശേഷിപ്പിക്കാതെ;
മറയില്ലാതെ തുറന്നുകാട്ടാന്‍
'അതിനെ'ങ്ങിനെ
മനസ്സുവന്നു...?"
"വിരോധത്തിനല്‍പം പോലും
മങ്ങലേല്‍ക്കരുതേയെന്ന
ചിന്തയാലാവണം...
അവള്‍ തന്നെതന്നെ
ദര്‍ശിച്ചുകൊണ്ടേയിരുന്നു..
ക്ഷമയുടെ പരിധി;-
പ്രതീക്ഷയുടെ അതിര്‍വരമ്പുകളെ -
വകഞ്ഞുമാറ്റി കടന്നുപോകും വരെ."
14 February 2008
വാലന്റൈന്‍

അടര്‍ത്തിയെടുത്ത
ഇതളുകളിലൊന്നില്‍
സുവര്‍ണ ലിപികളില്‍
ഇളംതൂവല്‍ കൊണ്ട്
നിന്റെ പേരെഴുതിവച്ചു
യുഗങ്ങളോളം
വെറുതെയിരുന്ന്
ആലോചിച്ചൊടുവില്‍
ചിന്തകള്‍ക്ക് വിരാമമിട്ട്
വികാരം മനസ്സിനെ
കീഴ്പെടുത്തിയപ്പോള്‍
ഞാന്‍ ആലോചിച്ചുപോയി
നിന്റെ പേര്
ഒരിക്കലും മാഞ്ഞുപോവരുതെന്ന്
ഇതളുകളടര്‍ത്താതെ വച്ച
താളുകളെല്ലാംതന്നെ ഒരുക്കിവച്ചു
അടര്‍ത്തിയെടുത്ത
നിന്റെ പേര് ആലേഖനം ചെയ്ത
ആ....... താളിനെ
ഹൃദയത്തിന്റെ ചൂടുപകര്‍ന്ന്
ഭദ്രമായി സൂക്ഷിച്ചപ്പോഴും...
ആത്മാവിന്റെ കിളിവാതില്‍
ചെമ്മെ തുറന്നിട്ട്
പ്രണയത്തിന്റെ റോസാദളങ്ങള്‍
വിതറിയൊരുക്കിയ
സ്വപ്നങ്ങളുടെ മേശപ്പുറത്ത്
അത് സൂക്ഷിച്ചിരുന്നു...
ഇന്നും സൂക്ഷിക്കുന്നു.....
പ്രണയമെന്ന വികാരത്തിന്നായ്
ജീവന്‍ വെടിഞ്ഞ വികാരിയുടെ
രക്ഷസാക്ഷിത്വദിനം
സ്നേഹിക്കുന്ന ഹൃദയങ്ങള്‍ക്കായ്
ഭരണവര്‍ഗ്ഗത്തിന്റെ
വാള്‍ത്തലപ്പുകള്‍ക്കിടയിലേക്ക്
തന്റെ ശിരസ്സ്
സങ്കോചമില്ലാതെ നീട്ടിക്കൊടുത്ത
പാതിരിയുടെ അവസാനദിനം....!
ആ ദിനം തന്നെ വേണമെന്നില്ല..
എനിക്ക് നിന്നെ ഓര്‍മ്മിക്കാന്‍
കാരണം...;
നമുക്കിടയില്‍ വേര്‍തിരിവുകളില്ല
ഞാനും നീയും തന്നെയില്ല
നമ്മള്‍ മാത്രം.....
അതല്ലേ... പ്രണയം....?
29 January 2008
ഭയം

നിശബ്ദത കാവ്യം തീര്‍ക്കുന്ന,
അലയൊലികളെ;
അകത്തളങ്ങളില്‍ തന്നെ,
ബന്ധിക്കുവാന്‍-
തിടുക്കം കൂട്ടുന്ന;
ഈ നാലുകെട്ടിന് പുറത്തെ
ലോകം കാണണമെന്നുണ്ട്
പക്ഷേ; വയ്യ;
എനിക്ക് ഭയമാവുന്നു."
പാദസരങ്ങള്‍ തീര്‍ത്ത-
ചിലമ്പൊലി കൊണ്ട്;
മൂകതയെ കീറിമുറിച്ച്
നേര്‍ത്ത ഇടനാഴികളിലൂടെ
ഓടിയകലുമ്പോള്‍ -
പ്രകാശം പരത്തി -
ഇടിനാദത്താല്‍,
പെരുമ്പറ കൊട്ടി
മഴത്തുള്ളികള്‍;
കനിഞ്ഞു നല്‍കി
ആകാശം ധരയുടെ
അടങ്ങാത്ത ദാഹം
ശമിപ്പിക്കാന്‍ വ്യര്‍ത്ഥമായ്
ശ്രമിക്കുമ്പോള്‍...
പുഷ്പദളങ്ങളില്‍;
നറുതേന്‍ പകര്‍ന്ന്
വസന്തം; തന്‍ കുറുമ്പ്
ചെമ്മെ തുടരുമ്പോള്‍
ചിത്രം വരച്ചുകൊണ്ട്
പ്രണയിക്കവെ;
അതിശൈത്യം മറന്ന്,
പുല്‍മേടുകള്‍ -
പച്ചനിറമാര്‍ന്ന പട്ടുറുമാല്‍
അലക്ഷ്യമായ്;
ദേഹത്ത് ധരിക്കുമ്പോള്‍
കടന്നെത്താന്‍ അറയ്ക്കുന്ന,
തെക്കിനിയില്‍ നിന്നും;
പുറത്തുകടക്കണമെന്നുണ്ട്."
പക്ഷെ;
ഭീതിയുടെ നിഴലിലാണ് ഞാന്‍.
തുടിക്കുന്ന -
കഴുകന്‍ കണ്ണുകളെ,
നാലുകെട്ടിന്റെ കനത്ത-
മതില്‍ക്കെട്ട് മറച്ചുവല്ലോ..?
സ്വാതന്ത്ര്യമില്ലെങ്കിലും...!
06 December 2007
കാമുകി

" മണിക്കൂറുകളെ-
വേദനയില്ലാതെ വധിച്ച്;
നിദ്രയുടെ കയത്തില്‍ നിന്ന്,
ഇരുട്ടിന്റെ പുതപ്പ് വകഞ്ഞുമാറ്റി
സൂര്യനെത്തുമ്പോഴാണ്-
പകല്‍ പിറവിയെടുക്കുന്നതെന്ന്
എന്തേ നിങ്ങളെന്നോട് പറഞ്ഞില്ല."
"പുലരി മുതല്‍ സൂര്യനോടൊത്ത്;
സല്ലപിച്ചൊടുവില്‍-
മാതുലന്‍ അമ്പിളിയില്‍ നിന്നും
മറയ്ക്കാന്‍ വേണ്ടിയത്രെ,
കാമുകിയാം സമുദ്ര-
സൂര്യനെ;
കാര്‍മുകിലിനുള്ളില്‍ ഒളിപ്പിച്ചതെന്ന്;"
"അപ്സരസ്സിനെ പോല്‍ വെല്ലും;
സൗന്ദര്യറാണിയാം സാഗര-
ആവേശത്താല്‍ മതി മറന്ന്,
സമ്മാനിച്ച ചുടുംചുംബനമാണ്
പ്രതാപിയാം കാമുകനെ
പുലരിയ്ക്കൊടുവില്‍-
ചുട്ടുപൊള്ളിച്ചതെന്ന്;"
"രാവു മുഴുവന്‍;
ആകാംക്ഷയോടെ-
കാത്തിരുന്നതിന്‍ ശേഷം
സമീപത്തണഞ്ഞ,
പ്രേമഭാജനം പുലരിയില്‍
തന്നെ വിട്ടകന്നതിനാല്‍-
തളിരിട്ട പരിഭവമാണ്
തിരകളുടെ രഹസ്യമെന്ന്;"
"സൂര്യനുമൊത്തുള്ള;
സുവര്‍ണ്ണ നിമിഷങ്ങളില്‍-
അലയടിച്ചുയരുന്ന,
അതിരേകത്തിന്റെ പാരമ്യമാണ്
സ്വയം ഉള്‍വലിയാന്‍-
രാത്രിയുടെ അന്ത്യയാമങ്ങളില്‍
ആഴിയെ പ്രേരിപ്പിച്ചതെന്ന്;"
"എന്തേ.................
നിങ്ങളെന്നോട് പറഞ്ഞില്ല."
09 November 2007
ഓട്ടോഗ്രാഫ്

പ്രതീക്ഷയുടെ ചിറകുകളില്‍
ചിലത് കരിഞ്ഞുപോയിരുന്നു.
യാത്രാമൊഴികളും മിഴികളും
ദാനം നല്‍കിയ ശോകം
കടമെടുത്തതുകൊണ്ടാവാം...
പേനയുടെ നാവിന്‍തുമ്പില്‍
അക്ഷരങ്ങള്‍ പലപ്പോഴും
വിറങ്ങലിച്ചു നിന്നു...
വര്‍ഷങ്ങളെ ഹ്രസ്വമാക്കിയ
ക്യാംപസില്‍ നിന്ന്
പടിയിറങ്ങുമ്പോള്‍
തിരിഞ്ഞുനോക്കരുതെന്ന് തോന്നി
പക്ഷെ;
കബളിപ്പിക്കാന്‍ തയ്യാറല്ലായിരുന്നു;-
മനസ്സിനെയും;
സൗഹൃദത്തിന്റെ മനസ്സാക്ഷിയെയും.
റാഗിങ്ങിന്റെ ആദ്യപാഠങ്ങള്‍
ഏറ്റുവാങ്ങിയതും പകര്‍ന്നുനല്‍കിയതും
മനസില്‍ നിന്ന്
മായ്ക്കണമെന്നുണ്ട്...
എങ്കിലും.....
ചേരിതിരിവിന്റെ രാഷ്ട്രീയം
പക്ഷേ;
സൗഹൃദത്തിന്റെ രസതന്ത്രത്തെ
ആകുലപ്പെടുത്തിയിരുന്നില്ല
അക്രമരാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്ക്
രക്തസാക്ഷികളെ നല്‍കാന്‍
കലാലയത്തിലെ
പച്ചമണ്ണ് ഇടക്കിടെ നനഞ്ഞുകുതിര്‍ന്നു...
എരിഞ്ഞടങ്ങിയ ചങ്ങാത്തങ്ങളും
പകഞ്ഞുപൊന്തിയ അസ്വാരസ്യവും
പുതുമയല്ലായിരുന്നു.
ചിറകരിഞ്ഞുവീഴ്ത്തപ്പെട്ട
പ്രണയത്തിന്റെ ഇളം ശലഭങ്ങള്‍ക്ക്
സ്മാരകങ്ങള്‍ തീര്‍ക്കാന്‍
കാലം തയ്യാറാവാത്തതിനാലാവാം
ചുവരെഴുത്തുകള്‍ കടമ നിര്‍വ്വഹിച്ചു;
കരിയുടെയും ഇലയുടേയും
ഔദാര്യത്താല്‍...!
പടിയിറങ്ങുമ്പോള്‍
തൂലികത്തുമ്പാല്‍ കുത്തിക്കുറിക്കുന്ന
അവസാനവാക്കുകള്‍
വ്യര്‍ത്ഥമാണെന്നറിഞ്ഞതു കൊണ്ടാവാം
മനസാക്ഷിയില്‍ ചാലിച്ച
എഴുത്തുകള്‍ക്ക്
നിറം മങ്ങിയത്...
ആത്മപുസ്തകത്താളില്‍
മരിക്കാനാവും
സ്വപ്നങ്ങളുടെ വിധിയെന്ന്
ഓരോ വാക്കുകളും
ഇന്നും വിതുമ്പുന്നു...
04 November 2007
സൈനികന്‍

മരണത്തിന്റെ താഴ്‌വരയില്‍-
മരം കോച്ചുന്ന തണുപ്പില്‍;
ജീവനെ പരിഹസിച്ചുകൊണ്ട്,
കാത്തിരുന്നു....നിങ്ങള്‍ക്കു വേണ്ടി....?
രാജ്യങ്ങളുടെ അതിര്‍ത്തി
പലപ്പോഴും വേര്‍തിരിച്ചത്
ജീവന്റെ തുടിപ്പിനെയും
മരണത്തിന്റെ നനുത്ത
നിശബ്ദതയെയുമായിരുന്നു.
കൊന്നുതള്ളിയ നിസ്സഹായരുടെ;
ചിലപ്പോള്‍ അക്രമികളുടെയും-
എണ്ണമെനിക്ക് നിശ്ചയിച്ചത്
തൂക്കുകയറല്ലായിരുന്നു...!
വസ്ത്രത്തിന് മുകളില്‍
മെഡലുകളേറെ
ചാര്‍ത്തിക്കിട്ടിയപ്പോള്‍
അഭിമാനിക്കേണ്ടി വന്നു.
കൊലയ്ക്കായി...
ലൈസന്‍സ് ലഭിച്ചതില്‍..!
കൊലപാതകങ്ങളെ
മഹത്വവത്കരിക്കുന്നത്
ഭൂമിയില്‍ ഒരു പക്ഷേ;
യുദ്ധക്കളങ്ങളില്‍ മാത്രം..!
എനിക്ക് പൊരുതേണ്ടിയിരുന്നു;
നിങ്ങളുടെ സംരക്ഷണത്തിനായി-
സ്വയമെന്‍ ജീവനുവേണ്ടിയും.
മിലിട്ടറി ക്യാംപിലെ;
വിരസമാം ജീവിതം,
വിഷാദരോഗത്തിന്‍-
തീച്ചുളയിലേക്കാണെന്ന,
നയിച്ചത്... സ്വയമറിയാതെ..!
എന്റെ മുന്നില്‍ മനുഷ്യരില്ല
ആയുധമേന്തിയ ഏതാനും
യന്ത്രങ്ങള്‍ മാത്രം
മനുഷ്യത്വമെന്നത്
യന്ത്രങ്ങള്‍ക്കാവശ്യമില്ല
ജീവനും......
സദയം ക്ഷമിക്കുക;
ഞാന്‍ പ്രവൃത്തിയിലാണ്-
പുരസ്കാരങ്ങള്‍ വാരിക്കൂട്ടുന്നതിനിടെ,
മറ്റൊന്നും എന്നെ-
ആകുലപ്പെടുത്തേണ്ടതില്ല...!
പക്ഷേ;..............................
മനുഷ്യത്വത്തിന്റെ
അവസാനത്തെ കണികയും
മരവിച്ചിട്ടില്ലാത്തതിനാല്
എനിക്കും മനുഷ്യനാവേണ്ടതുണ്ട്...?
28 September 2007
ഇരുട്ട്

ഇരുട്ടിനെ ഇഷ്ടമായിരുന്നു
എനിക്കെന്നും;
അമ്മയുടെ ഉദരത്തില്‍
ഇടവേളകളില്ലാതെ
ഉറങ്ങുമ്പോള്‍
ഇരുട്ടെനിക്ക്
കൂട്ടിരിക്കുന്നുണ്ടായിരുന്നു.
അറിയാതെ ചെയ്തുപോയ
കുഞ്ഞുതെറ്റുകള്‍ക്ക്...
പ്രഹരമേല്‍ക്കാതിരിക്കാന്‍
ഞാന്‍ ഓടി മറഞ്ഞത്
ഇരുട്ട് മൂടുപടമണിഞ്ഞ
ഇടനാഴിയിലേക്കായിരുന്നു
പ്രണയത്തിന്റെ തവിട്ടില്‍
കാമദാഹത്തിന്റെ ചുവപ്പില്‍
പരസ്പരം കുടിച്ചുതീരാന്‍
നീയെന്ന ക്ഷണിച്ചതും
ഇരുട്ടിലേക്കായിരുന്നു.....
നിന്റെ ബീജത്തിന്
കയ്യും തലയും മുളച്ചപ്പോള്‍
ആരുമറിയാതെ ഉപേക്ഷിച്ചതും
ഇരുട്ടിന്റെ മറവിലായിരുന്നു.
മാലിന്യക്കൂമ്പാരങ്ങള്‍
അഭയം കണ്ടെത്തിയ
ചവറ്റുകൂനയ്ക്ക്
നിന്റെ സമ്മാനത്തെ സമര്‍പ്പിച്ചു.
അപ്പോള്‍ എന്റെ മനസ്സിലേറ്റത്രയും
ഇരുട്ട് നിന്നിലുണ്ടായിരുന്നില്ല.
പിഴച്ചുപെറ്റ പെണ്ണ്
ഭാരമായിരുന്നു.....
അമാവാസി ചിറകുവിരിച്ച
രാത്രിയില്‍ പടിയിറങ്ങും വരെ..!
അഴുക്ക് പുരണ്ട്
തെരുവില്‍ കിടക്കുമ്പോഴും
നല്ല 'ഡിമാന്റാ'യിരുന്നു.
രാത്രിയുടെ തണലില്‍
ശരീരത്തിന്റെ ചൂട് കവരാന്‍ വരുന്നവര്‍
സ്നേഹിച്ചുകൊണ്ടിരുന്നു.
എന്റെ പ്രഥമ പരിണാമ ദിശയും
ഇരുട്ട് തന്നെയായിരുന്നു.
ദ്രവിച്ച മനസ്സും ഉണങ്ങിയ മാംസവും
നിലവാര ശൂന്യതയെ
തട്ടിയുണര്‍ത്തിയപ്പോള്‍
വിരാമത്തിലേക്കടുത്തു.....
നിര്‍ദ്ദയം...
അതിന്നായ് ഞാന്‍ തിരഞ്ഞെടുത്തതും
പ്രിയപ്പെട്ട രാത്രിയെയായിരുന്നു.
11 September 2007
"ചാരിത്ര്യം''

07 September 2007
'അപ്ലിക്കേഷന്‍'
അപ്ലിക്കേഷന്‍ചേച്ചിയുടെ മടിയിരുന്ന് കുസൃതിത്തരങ്ങള്‍ ഒപ്പിക്കെ അമ്മൂട്ടി പൊടുന്നനെ പ്രസ്താവിച്ചു-" എനിച്ച് ശബര്യലേല്‍ പോണം".
കുഞ്ഞനുജത്തിയെ താലോലിച്ചിരുന്ന ഗൗരിയ്ക്ക് ആദ്യം കാര്യം പിടി കിട്ടിയില്ല. അവള്‍ അമ്മൂട്ടിയെ സൂക്ഷിച്ചൊന്ന് നോക്കി. തന്റെ മടിയിലുന്ന് കൊണ്ട് ആ മൂന്നുവയസ്സുകാരി എടുത്തടിച്ചപോലെ ഇങ്ങനെയൊരാവശ്യമറിയിച്ചത് അവള്‍ക്ക് അത്ര വേഗം ഉള്‍ക്കൊള്ളാനുമായില്ല. ഗൗരിയുടെ ചിന്തകളെ കീറിമുറിച്ചു കൊണ്ട് വീണ്ടും അമ്മൂട്ടി പ്രസ്താവിച്ചു "എനിച്ച് ശബര്യലേല്‍ പോണം..".
അമ്മയ്ക്കൊപ്പം ടെലിവിഷനെന്ന വിഡ്ഡിപ്പെട്ടിയ്ക്ക് മുന്നില്‍ ചടഞ്ഞിരിക്കാന്‍ പലപ്പോഴും വിധിക്കപ്പെട്ടതാണോ അമ്മുക്കുട്ടിയുടെ പ്രസ്താവനയ്ക്ക് കാരണമെന്ന് ഗൗരി ചിന്തിച്ചു. ഏയ്.. ആയിരിക്കാനിടയില്ല.... സീരിയലിനും റിയാലിറ്റി ഷോകള്‍ക്കുമിടയില്‍ ആത്മീയതയ്ക്കും ശബരിമലയ്ക്കുമൊക്കെ പിന്നെന്തു പ്രസക്തി. എന്നാല്‍ പിന്നെ ഒരേയൊരു ചാന്‍സേയുള്ളൂ. അമ്മു വീണ്ടും അബദ്ധത്തില്‍ ന്യൂസ് അവര്‍ കണ്ടിരിക്കാം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കൈരളി ടി വി കണ്ടതില്‍ പിന്നെ അമ്മുവിന്റെ നാലാം ക്ലാസില്‍ പഠിക്കുന്ന ജ്യേഷ്ഠന് സിനിമാ നടന്‍മാരെക്കാള്‍ പ്രിയം സഖാവ് ഫാരിസിനോടാണുണ്ടായത്. സുരേഷ് ഗോപിയെയും, ലാലേട്ടനെയും, മമ്മുക്കയെയുമൊക്കെ കടത്തിവെട്ടിക്കൊണ്ട് ഉശിരന്‍ ഡയലോഗുകള്‍ കാച്ചിയ സുന്ദരനായ കോടിശ്വീരന്‍ അരുണിന് വെറുക്കപ്പെട്ടവനായിരുന്നില്ല.
അരുണിന്റെ കാര്യം.. പോട്ടെ ഈ അമ്മു എന്തിനാണ് അങ്ങനെ പറഞ്ഞത്. മന്ത്രി സുധാകരന്റെ പ്രസംഗം വാര്‍ത്തയില്‍ കാണിക്കുന്നുവെന്ന് തോന്നിയാലുടന്‍ അമ്മ അമ്മുവിന്റെ കണ്ണും കാതും പൊത്തുമായിരുന്നു. മറ്റൊന്നും കൊണ്ടല്ല.. 'വാമൊഴി വഴക്കത്തിന്റെ സൗന്ദര്യം ഇത്ര ചെറുപ്പത്തിലെ കുരുന്നിന്റെ മനസ്സില്‍ പതിയണ്ട' എന്ന ചിന്ത കൊണ്ടു മാത്രം. എങ്കിലും ഇടയ്ക്കെപ്പോഴോ 'സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന' മന്ത്രിയുടെ പ്രസ്താവന അമ്മു കേട്ടിരിക്കാമെന്ന് ഗൗരി കരുതി. അമ്മുവിന് ശബരിമലയില്‍ പോവുന്നതിന് തടസ്സമൊന്നുമില്ല.. പിന്നെ ആര്‍ക്കാണ് തടസ്സം.... തന്നെപ്പോലെയുള്ള കന്യകകള്‍ക്കും, യുവതികള്‍ക്കും... ഗൗരിയുടെ ചിന്ത പിന്നെ അതിനെക്കുറിച്ചായി.
ഋതുമതിയായാല്‍ പിന്നെ ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ല പോലും. അയ്യപ്പന് അത് ഇഷ്ടമില്ലത്രെ.... ഇത് അയ്യപ്പഭഗവാന്‍ നേരിട്ട് പറയാത്തതിനാല്‍ ജ്യോതിഷവിദഗ്ദരും താന്ത്രികരും ചേര്‍ന്ന് പുറത്തിറക്കിയ പ്രമാണം... ഈ പ്രമാണം ലംഘിക്കെപ്പട്ടാല്‍ അത് മഹാ അപരാധമാവുമോ..?ഗൗരിയുടെ മനസ്സില്‍ യുക്തിബോധം ചെറുതായി ഉദിച്ചുവോയെന്നൊരു ശങ്ക. യുക്തിബോധം വലുതായി മനസ്സിലുറച്ചാല്‍ പിന്നെ ദൈവത്തിന് സ്ഥാനമില്ലല്ലോ... ശബരിമലയ്ക്കരുകില്‍ തന്നെയാണ് മാളികപ്പുറത്തമ്മയുടെ ക്ഷേത്രം. മാളികപുറത്തമ്മ അയ്യപ്പ ഭഗവാന് പണ്ട് 'അപ്ലിക്കേഷന്‍' കൊടുത്തുവത്രെ. എന്നാല്‍ തന്നെ കന്നി അയ്യപ്പന്‍മാര്‍ വന്നു കാണാത്ത കാലത്തുമാത്രമെ അപ്ലിക്കേഷന്‍ സ്വീകരിക്കുകയുള്ളൂവെന്ന് പറഞ്ഞ് ഭഗവാന്‍ എളുപ്പത്തില്‍ ഒഴിഞ്ഞുമാറി. മാളികപ്പുറത്തമ്മ ഇന്നും കാത്തിരിക്കുന്നുകയാണത്രെ.... സ്വാമി അയ്യപ്പന്‍ തന്നെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ദിവസവും കാത്ത്....
ഒരു വിശുദ്ധയായ കന്യകയുടെ ആത്മാര്‍ത്ഥമായ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാലാവാമോ ശബരിമലയില്‍ കന്യകമാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്... മധ്യവയസ്കരല്ലാത്ത സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന അലിഖിത നിയമം സ്ഥാപിക്കപ്പെട്ടത്... ആവോ... ഗൗരിയ്ക്ക് ഒന്നും മനസ്സിലായില്ല...പക്ഷെ അവള്‍ക്ക് ചിന്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല...
"എന്നെങ്കിലും മാളികപ്പുറത്തമ്മയുടെ പ്രണയാഭ്യര്‍ത്ഥന സ്വാമി അയ്യപ്പന്‍ സ്വീകരിക്കുമോ..?"
01 September 2007
അധിനിവേശം

28 August 2007
തെറ്റ്

ഒരിക്കല്‍, ഒരിക്കലെങ്കിലും
തൂവെള്ളക്കുതിരപ്പുറത്തേറി
കനല്‍ വാരിവിതറിയ രാജപാതയില്‍
പതിയെ; സഞ്ചരിക്കുവാന്‍
ആഗ്രഹിക്കുന്നതിലെന്താണ് തെറ്റ്..?
തിടുക്കമൊന്നും പ്രകടിപ്പിക്കേണ്ടതില്ല-
ചുട്ടുപഴുത്ത കാരിരുമ്പ്
സ്നേഹത്തോടെ; അതിലേറെ നിറഞ്ഞ
ആത്മാര്‍ത്ഥതയോടെ പതിയെ,
നിന്റെ കഴുത്തിലാഴ്ത്തുവാന്‍
എനിക്ക് എന്തിഷ്ടമാണെന്നോ....
അല്ല; അതിലെന്താണ് തെറ്റ്...?
ഒരു കഥയെഴുതണമെന്നുണ്ട്;
പക്ഷെ, അതിന് അനുഭവങ്ങള്‍
വേണമെന്നാണ് പലരും പറയുന്നത്.
പ്രണയത്തെപ്പറ്റിയെഴുതാന്‍ കുറഞ്ഞത്
നാലുപേരെയെങ്കിലും സ്നേഹിച്ചിരിക്കണമത്രെ.
കൊലപാതകത്തെപ്പറ്റി എഴുതാന്‍
ഒരു കൊലയെങ്കിലും ചെയ്തിരിക്കണം-
അതാണത്രേ....അനുഭവത്തിന്റെ വില..
അല്ല; അങ്ങനെ പറയുന്നതില്‍ എന്താണ് തെറ്റ്?
നിനക്ക് ശരിയെന്നു തോന്നുന്നത്-
എനിക്ക് പലപ്പോഴും തെറ്റായിത്തോന്നാം.
നിനക്ക് തെറ്റെന്നുറപ്പുള്ളത്
ചിലപോള്‍ എന്റെ ശരിയുമാവാം...
അതിലെന്താണ്...സുഹൃത്തെ...തെറ്റ്..?
23 August 2007
കാര്‍മേഘം

08 August 2007
'അവന്റെ.....ലോകം.........അവരുടേതും'

04 July 2007
നിഴല്‍

03 June 2007
മരീചിക
