"ഓര്‍മ്മയുടെ ഓളങ്ങള്‍
ഇടനെഞ്ചില്‍ അമരുമ്പോള്‍
ഹൃദയത്തിനകതാരിലെവിടെയോ
ചുടുചോര നന്നെ
തിളച്ചങ്ങ് പൊന്തുന്നു.
മറവിയുടെ മരവിപ്പ്
ബാധിച്ചിരുന്നെന്നോ
ചുടലപ്പറമ്പിലെ ചൂടേറ്റ്
വാടിയൊരു പാഴ്‌ച്ചെടി
വളരുവാന്‍ മുറവിളിയുയര്‍ത്തുന്നു.
അതുകാണ്‍കെ.
ചിതയില്‍ നിന്നൊരുകുമ്പിള്‍
ചാരമങ്ങൂതിപ്പറപ്പിക്കും
ഭ്രാന്തന്‍ ചിരിക്കുന്നു.
അരുത്; ശ്രവിക്കരുത് -
ബോധമനസ്സിന്റെ
ഒടുവിലെ കണ്ണിയും
ഞെട്ടറ്റുവീണൊരാ
മനുജന്റെ ജല്‌പനം;
പാടെ കരിഞ്ഞൊരു
ഇലകള്‍ തന്‍ പാര്‍ശ്വത്താല്‍
ആ പാഴം പാഴ്‌ചെടി
ചെവികള്‍ മറയ്‌ക്കുന്നു.
അടക്കിച്ചിരിക്കുന്നു
ചുടലപ്പറമ്പിന്റെ
ഇരുളാര്‍ന്ന കോണിലായ്
നിലയുറപ്പിച്ചുള്ളൊരാ
ഭീമന്‍ വടവൃക്ഷം;
അരികിലായൊരുകൂട്ടം
കോടാലിക്കൈകള്‍
മരത്തിന്‍ ഇറച്ചിയ്‌ക്ക്
വിലയിട്ടതറിയാതെ.
ചിതയുടെ ഗര്‍ഭത്തിനുള്ളില്‍
നിന്നൊരു വെട്ടം
സായന്തനത്തിന്റെ
നെറുകയില്‍ ചുംബിച്ചു.
ജീവന്റെ വിത്തിനായ്
ഉഴുതുമറിച്ചിട്ട നനവാര്‍ന്ന
മണ്ണിനും കാണുവാനായ് വയ്യ
പാഴ്‌ച്ചെടിയുടെ കണ്ണുനീര്‍.
ഇല്ല; ഇനിയില്ല
ആ കുഞ്ഞുജീവന്
ശിരസ്സങ്ങുയര്‍ത്തി
നില്‍ക്കുവാന്‍ ഭൂമിക.
യാത്ര ചോദിക്കുന്നു;
ദേഹവും ദേഹിയും
ചങ്ങലകള്‍ തകര്‍ക്കുമീ
ചുടലപ്പറമ്പിനോട്..
വിടചൊല്‌കയാണവന്‍
അകലയായ് അപ്പോള്‍-
അരിഞ്ഞുവീഴ്‌ത്തപ്പെട്ട
കൂറ്റന്‍ മരത്തോടും.....
1 comment:
വിടചൊല്‌കയാണവന്‍
അകലയായ് അപ്പോള്‍-
അരിഞ്ഞുവീഴ്‌ത്തപ്പെട്ട
കൂറ്റന്‍ മരത്തോടും...
////////////
Post a Comment