09 November 2007

ഓട്ടോഗ്രാഫ്‌


പ്രതീക്ഷയുടെ ചിറകുകളില്‍
ചിലത്‌ കരിഞ്ഞുപോയിരുന്നു.
യാത്രാമൊഴികളും മിഴികളും
ദാനം നല്‍കിയ ശോകം
കടമെടുത്തതുകൊണ്ടാവാം...
പേനയുടെ നാവിന്‍തുമ്പില്‍
അക്ഷരങ്ങള്‍ പലപ്പോഴും
വിറങ്ങലിച്ചു നിന്നു...


വര്‍ഷങ്ങളെ ഹ്രസ്വമാക്കിയ
ക്യാംപസില്‍ നിന്ന്‌
പടിയിറങ്ങുമ്പോള്‍
തിരിഞ്ഞുനോക്കരുതെന്ന്‌ തോന്നി
പക്ഷെ;
കബളിപ്പിക്കാന്‍ തയ്യാറല്ലായിരുന്നു;-
മനസ്സിനെയും;
സൗഹൃദത്തിന്റെ മനസ്സാക്ഷിയെയും.


റാഗിങ്ങിന്റെ ആദ്യപാഠങ്ങള്‍
ഏറ്റുവാങ്ങിയതും പകര്‍ന്നുനല്‍കിയതും
മനസില്‍ നിന്ന്‌
മായ്ക്കണമെന്നുണ്ട്‌...
എങ്കിലും.....


ചേരിതിരിവിന്റെ രാഷ്ട്രീയം
പക്ഷേ;
സൗഹൃദത്തിന്റെ രസതന്ത്രത്തെ
ആകുലപ്പെടുത്തിയിരുന്നില്ല
അക്രമരാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്ക്‌
രക്തസാക്ഷികളെ നല്‍കാന്‍
കലാലയത്തിലെ
പച്ചമണ്ണ്‌ ഇടക്കിടെ നനഞ്ഞുകുതിര്‍ന്നു...


എരിഞ്ഞടങ്ങിയ ചങ്ങാത്തങ്ങളും
പകഞ്ഞുപൊന്തിയ അസ്വാരസ്യവും
പുതുമയല്ലായിരുന്നു.
ചിറകരിഞ്ഞുവീഴ്ത്തപ്പെട്ട
പ്രണയത്തിന്റെ ഇളം ശലഭങ്ങള്‍ക്ക്‌
സ്മാരകങ്ങള്‍ തീര്‍ക്കാന്‍
കാലം തയ്യാറാവാത്തതിനാലാവാം
ചുവരെഴുത്തുകള്‍ കടമ നിര്‍വ്വഹിച്ചു;
കരിയുടെയും ഇലയുടേയും
ഔദാര്യത്താല്‍...!


പടിയിറങ്ങുമ്പോള്‍
തൂലികത്തുമ്പാല്‍ കുത്തിക്കുറിക്കുന്ന
അവസാനവാക്കുകള്‍
വ്യര്‍ത്ഥമാണെന്നറിഞ്ഞതു കൊണ്ടാവാം
മനസാക്ഷിയില്‍ ചാലിച്ച
എഴുത്തുകള്‍ക്ക്‌
നിറം മങ്ങിയത്‌...
ആത്മപുസ്തകത്താളില്‍
മരിക്കാനാവും
സ്വപ്നങ്ങളുടെ വിധിയെന്ന്‌
ഓരോ വാക്കുകളും
ഇന്നും വിതുമ്പുന്നു...

27 comments:

അജയ്‌ ശ്രീശാന്ത്‌.. said...

പ്രതീക്ഷയുടെ ചിറകുകളില്‍
ചിലത്‌ കരിഞ്ഞുപോയിരുന്നു.
യാത്രാമൊഴികളും മിഴികളും
ദാനം നല്‍കിയ ശോകം
കടമെടുത്തതുകൊണ്ടാവാം...
പേനയുടെ നാവിന്‍തുമ്പില്‍
അക്ഷരങ്ങള്‍ പലപ്പോഴും
വിറങ്ങലിച്ചു നിന്നു...

ഉപാസന || Upasana said...

അമൃത : കാലികപ്രസക്തിയുള്‍ല നല്ല കവിത.
രാഷ്ടീയകക്ഷികള്‍ക്കൊരു മുന്നറിയിപ്പ് ;)

“വര്‍ഷങ്ങളെ ഹ്രസ്വമാക്കിയ
ക്യാംപസില്‍ നിന്ന്‌ “
എന്നെ സംബന്ധിച്ചാണെങ്കീ ഈ രണ്ട് കൊല്ലം അറുബോറായിരുന്നു. ഞാന്‍ എന്നും മറക്കാനാഗ്രഹിക്കുന്ന രണ്ട് വര്‍ഷങ്ങള്‍...

കവിത നല്ലത്
:)
ഉപാസന

സഹയാത്രികന്‍ said...

അമൃതാ ജി... വരികള്‍ നന്നായിരിക്കുന്നു...
പഴയ കോളേജ് കാലഘട്ടത്തിലേയ്ക്ക് ഒന്ന് തിരിഞ്ഞ് നോക്കീ... ഉപാസന പറഞ്ഞപോലെ മധുരമായോര്‍ക്കാന്‍ ഒന്നുമീല്ലെങ്കിലും...

ദിലീപ് വിശ്വനാഥ് said...

പടിയിറങ്ങുമ്പോള്‍
തൂലികത്തുമ്പാല്‍ കുത്തിക്കുറിക്കുന്ന
അവസാനവാക്കുകള്‍
വ്യര്‍ത്ഥമാണെന്നറിഞ്ഞതു കൊണ്ടാവാം
മനസാക്ഷിയില്‍ ചാലിച്ച
എഴുത്തുകള്‍ക്ക്‌
നിറം മങ്ങിയത്‌...


പരമാര്‍ത്ഥം. തീഷ്ണതയുണ്ട് വരികള്‍ക്ക്.

Anonymous said...

നന്നായിട്ടുണ്ട്.

മയൂര said...

വരികള്‍ നന്നായിരിക്കുന്നു...

ഏ.ആര്‍. നജീം said...

"വര്‍ഷങ്ങളെ ഹ്രസ്വമാക്കിയ
ക്യാംപസില്‍ നിന്ന്‌
പടിയിറങ്ങുമ്പോള്‍
തിരിഞ്ഞുനോക്കരുതെന്ന്‌ തോന്നി
പക്ഷെ;
കബളിപ്പിക്കാന്‍ തയ്യാറല്ലായിരുന്നു;-
മനസ്സിനെയും;
സൗഹൃദത്തിന്റെ മനസ്സാക്ഷിയെയും."

ഇന്നും മനസു തിരിഞ്ഞു നോക്കിക്കൊണ്ടേയിരിക്കുന്നു.. ആ മനോഹര സ്വപ്നങ്ങളിലേക്ക്
നന്നായിരിക്കുന്നു...

സണ്ണിക്കുട്ടന്‍ /Sunnikuttan said...

വാര്യര് കുട്ടിയേ, കവിത ഇഷ്ടായി ട്ടാ.... ക്യമ്പസിലേക്കൊരു തിരിഞ്ഞ് നോട്ടം.

ശ്രീ said...

അമൃതാ....

നല്ല വരികള്‍‌... നന്നായിട്ടുണ്ട്.

:)

പ്രയാസി said...

ആത്മപുസ്തകത്താളില്‍
മരിക്കാനാവും
സ്വപ്നങ്ങളുടെ വിധിയെന്ന്‌
ഓരോ വാക്കുകളും
ഇന്നും വിതുമ്പുന്നു...

നല്ല കവിത..

Murali K Menon said...

വരികള്‍ ഇഷ്ടമായി.

“കലാലയത്തിലെ
ചച്ചമണ്ണ്‌ “

ശ്രദ്ധിക്കുമല്ലോ

ഹരിശ്രീ said...

പടിയിറങ്ങുമ്പോള്‍
തൂലികത്തുമ്പാല്‍ കുത്തിക്കുറിക്കുന്ന
അവസാനവാക്കുകള്‍
വ്യര്‍ത്ഥമാണെന്നറിഞ്ഞതു കൊണ്ടാവാം
മനസാക്ഷിയില്‍ ചാലിച്ച
എഴുത്തുകള്‍ക്ക്‌
നിറം മങ്ങിയത്‌...
ആത്മപുസ്തകത്താളില്‍
മരിക്കാനാവും
സ്വപ്നങ്ങളുടെ വിധിയെന്ന്‌
ഓരോ വാക്കുകളും
ഇന്നും വിതുമ്പുന്നു...


കവിത വളരെ ഇഷ്ടമായി,

നല്ല ശക്തമായ വരികള്‍...

G.MANU said...

പടിയിറങ്ങുമ്പോള്‍
തൂലികത്തുമ്പാല്‍ കുത്തിക്കുറിക്കുന്ന
അവസാനവാക്കുകള്‍
വ്യര്‍ത്ഥമാണെന്നറിഞ്ഞതു കൊണ്ടാവാം
മനസാക്ഷിയില്‍ ചാലിച്ച
എഴുത്തുകള്‍ക്ക്‌
നിറം മങ്ങിയത്‌...
ആത്മപുസ്തകത്താളില്‍
മരിക്കാനാവും

good lines

മഴത്തുള്ളി said...

അമൃത, നന്നായിരിക്കുന്നു കവിത. ആശംസകള്‍.

ഹരിയണ്ണന്‍@Hariyannan said...

കവിത കൊള്ളാം...

കലാലയജീവിതത്തെ എനിക്കാണെങ്കില്‍ മറക്കാനേപറ്റില്ല..കാരണം ഞാനെന്റെ പ്രൊഫൈലില്‍ പറഞ്ഞിട്ടുണ്ട്!!:)

Sethunath UN said...

നന്നായിരിയ്ക്കുന്നു.വിങ്ങലുള്ള വരിക‌ള്‍

ശ്രീഹരി::Sreehari said...

വരികള്‍ നന്നായിട്ടുണ്ട്,
കോളേജിനെ ഓര്‍ത്തു പോയി

Anonymous said...

വരികള്‍ നന്നായിട്ടുണ്ട്. പേജ് ഡിസൈനിലും ഉണ്ട് ഒരു കവിത്വം.

Mahesh Cheruthana/മഹി said...

അമൃതാ,
കവിത ഇഷ്ടായി!!
മനസ്സില്‍ കലാലയ സ്മരണകള്‍ നിറക്കാനും അതിന്റെ അപചയങ്ങള്‍ ഓര്‍മ്മപ്പെടുത്താനും കഴിഞ്ഞു!!
എല്ലാവിധ ഭാവുകങ്ങളും !!

Shaf said...

Really good..
wishes
:)-Shaf

മന്‍സുര്‍ said...

അമൃതാ വാര്യര്‍ ...

നല്ല ചിന്ത....ഒപ്പം മിഴിവുള്ള വരികളും

യാത്ര പറഞ്ഞിറങ്ങുന്ന
ഓരോ ജീവിത വീഥികള്‍
മറന്നു പോകാന്‍ കൊതിക്കാത്ത
മനസ്സില്‍ നിന്നും മായാത്ത
സുന്ദര നിമിഷങ്ങള്‍
മരിക്കുന്നില്ലിവിടെ ഓര്‍ക്കുക
നിന്‍ തൂലിക തുമ്പിലൂടെ
അവര്‍ അക്ഷരങ്ങളായ്‌
വീണ്ടും വീണ്ടും ജനിച്ചു വീഴുന്നു

നന്‍മകള്‍ നേരുന്നു

നവരുചിയന്‍ said...

കവിത നന്നായി ... ഞാന്‍ എന്റെ കലാലയ ജീവിതം ഇപ്പോള്‍(ഒരു കൊല്ലം) പൂര്‍ത്തിയാകിയതെ ഉള്ളു . അപ്പോള്‍ വരികള്‍ എവിടെയോ ചെന്നു കൊള്ളുന്ന പോലെ ..... നനവുള്ള കുറെ ഓര്‍മകള്‍ .......

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

"ചിറകരിഞ്ഞുവീഴ്ത്തപ്പെട്ട
പ്രണയത്തിന്റെ ഇളം ശലഭങ്ങള്‍ക്ക്‌
സ്മാരകങ്ങള്‍ തീര്‍ക്കാന്‍
കാലം തയ്യാറാവാത്തതിനാലാവാം
ചുവരെഴുത്തുകള്‍ കടമ നിര്‍വ്വഹിച്ചു;
കരിയുടെയും ഇലയുടേയും
ഔദാര്യത്താല്‍...!"

ജീവിതമെന്തെന്ന്‌ ശരിക്കും അറിയാന്‍ ഭാഗ്യം സിദ്ധിക്കുന്ന ഒന്നാണ്‌ കലാലയജീവിതം.ഇണക്കങ്ങളും പിണക്കങ്ങളും സുഹൃദ്ബന്ധങ്ങളും വിദ്വേഷവുമെല്ലാം തീര്‍ച്ചയായും അതിന്റെ ഭാഗം തന്നെ...
പ്രണയവും പരിഭവവും മേമ്പൊടി ചാലിക്കാന്‍ മടിക്കുന്ന കലാലയ ജീവിതം തീര്‍ത്തും വിരസമായിരിക്കുമെന്നതാണ്‌ എന്റെ അഭിപ്രായം....
ഒരിക്കലും മറക്കാനാഗ്രഹിക്കാത്ത,,,, എന്നെന്നും ഓര്‍മ്മകള്‍ നെഞ്ചേറ്റി ലാളിക്കുന്ന ആ സുവര്‍ണ കാലഘട്ടത്തിലേക്ക്‌ തിരിഞ്ഞുനോക്കാന്‍ മനസ്സിനെ പ്രേരിപ്പിച്ച കവിതയ്ക്ക്‌ നന്ദി അമൃത....

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

കലാലയത്തിലേക്കു വീണ്ടും തിരിച്ചെത്തിയ പ്രതീതി. നന്നായിരിക്കുന്നു.

Rejesh Keloth said...

ഓര്‍മ്മകള്‍ മരിക്കുന്നില്ലല്ലീ, ഒരുനാളുമേ...
മറവിയുടെ മേലാപ്പ് സൌകര്യപൂര്‍വ്വം എടുത്തണിയുകയാണ് മേല്‍ചോദ്യങ്ങളൊഴിവാക്കുവാന്‍...
ചികയുവാന്‍ ഇത്തിരി നേരവും,സ് നേഹമാം ചെരാതും,മനസ്സിലോര്‍മ്മകളെ reload ചെയ്യും..

നന്നായിരിക്കുന്നു, അമൃതാ.. യുവത്വത്തിന്റെ വരികള്‍...

അഭിലാഷങ്ങള്‍ said...

കവിത ഇഷ്ടമായി..

എല്ലാ വരികള്‍ക്കും നല്ല നിലവാരം..
ഇനിയും ഒരുപാട് കവിതകള്‍ എഴുതൂ..

“പേനയുടെ നാവിന്‍തുമ്പില്‍
അക്ഷരങ്ങള്‍ പലപ്പോഴും
വിറങ്ങലിച്ചു നിന്നു...!“

അമൃതയുടെ പേനയുടെ നാവിന്‍‌‌തുമ്പില്‍ നിന്നും അക്ഷരങ്ങള്‍ ഒരിക്കലും വിറങ്ങലിച്ചു നില്‍ക്കാതെ, നല്ല ഒഴുക്കോടെ, സധൈര്യം പുറത്തേക്കൊഴുകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു, ആശിക്കുന്നു..

-അഭിലാഷ്, ഷാര്‍ജ്ജ

Anonymous said...

പടിയിറങ്ങുമ്പോള്‍
തൂലികത്തുമ്പാല്‍ കുത്തിക്കുറിക്കുന്ന
അവസാനവാക്കുകള്‍
വ്യര്‍ത്ഥമാണെന്നറിഞ്ഞതു കൊണ്ടാവാം
മനസാക്ഷിയില്‍ ചാലിച്ച
എഴുത്തുകള്‍ക്ക്‌
നിറം മങ്ങിയത്‌...
ആത്മപുസ്തകത്താളില്‍
മരിക്കാനാവും
സ്വപ്നങ്ങളുടെ വിധിയെന്ന്‌
ഓരോ വാക്കുകളും
ഇന്നും വിതുമ്പുന്നു.. കാലത്തിന്റെ കുത്തൊഴുക്കില്‍,അതിന്റെ മണല്പരപ്പില്‍ ‍കോറിയിട്ട വാക്കുകള്‍ ഒരിക്കലും വൃഥാവാകുകയില്ല. സ്മരണയുടെ താളുകളില്‍ അവ എന്നും ജീവിച്ചുകൊള്ളും