04 November 2007

സൈനികന്‍


മരണത്തിന്റെ താഴ്‌വരയില്‍-
മരം കോച്ചുന്ന തണുപ്പില്‍;
ജീവനെ പരിഹസിച്ചുകൊണ്ട്‌,
കാത്തിരുന്നു....നിങ്ങള്‍ക്കു വേണ്ടി....?

രാജ്യങ്ങളുടെ അതിര്‍ത്തി
പലപ്പോഴും വേര്‍തിരിച്ചത്‌
ജീവന്റെ തുടിപ്പിനെയും
മരണത്തിന്റെ നനുത്ത
നിശബ്ദതയെയുമായിരുന്നു.

കൊന്നുതള്ളിയ നിസ്സഹായരുടെ;
ചിലപ്പോള്‍ അക്രമികളുടെയും-
എണ്ണമെനിക്ക്‌ നിശ്ചയിച്ചത്‌
തൂക്കുകയറല്ലായിരുന്നു...!

വസ്ത്രത്തിന്‌ മുകളില്‍
‍മെഡലുകളേറെ
ചാര്‍ത്തിക്കിട്ടിയപ്പോള്‍
അഭിമാനിക്കേണ്ടി വന്നു.
കൊലയ്ക്കായി...
ലൈസന്‍സ്‌ ലഭിച്ചതില്‍..!

കൊലപാതകങ്ങളെ
മഹത്വവത്കരിക്കുന്നത്‌
ഭൂമിയില്‍ ഒരു പക്ഷേ;
യുദ്ധക്കളങ്ങളില്‍ മാത്രം..!

എനിക്ക്‌ പൊരുതേണ്ടിയിരുന്നു;
നിങ്ങളുടെ സംരക്ഷണത്തിനായി-
സ്വയമെന്‍ ജീവനുവേണ്ടിയും.

മിലിട്ടറി ക്യാംപിലെ;
വിരസമാം ജീവിതം,
വിഷാദരോഗത്തിന്‍-
തീച്ചുളയിലേക്കാണെന്ന,
നയിച്ചത്‌... സ്വയമറിയാതെ..!

എന്റെ മുന്നില്‍ മനുഷ്യരില്ല
ആയുധമേന്തിയ ഏതാനും
യന്ത്രങ്ങള്‍ മാത്രം
മനുഷ്യത്വമെന്നത്‌
യന്ത്രങ്ങള്‍ക്കാവശ്യമില്ല
ജീവനും......

സദയം ക്ഷമിക്കുക;
ഞാന്‍ പ്രവൃത്തിയിലാണ്‌-
പുരസ്കാരങ്ങള്‍ വാരിക്കൂട്ടുന്നതിനിടെ,
മറ്റൊന്നും എന്നെ-
ആകുലപ്പെടുത്തേണ്ടതില്ല...!

പക്ഷേ;..............................
മനുഷ്യത്വത്തിന്റെ
അവസാനത്തെ കണികയും
മരവിച്ചിട്ടില്ലാത്തതിനാല്
‍എനിക്കും മനുഷ്യനാവേണ്ടതുണ്ട്‌...?

21 comments:

അജയ്‌ ശ്രീശാന്ത്‌.. said...

രാജ്യങ്ങളുടെ അതിര്‍ത്തി
പലപ്പോഴും വേര്‍തിരിച്ചത്‌
ജീവന്റെ തുടിപ്പിനെയും
മരണത്തിന്റെ നനുത്ത
നിശബ്ദതയെയുമായിരുന്നു.

കൊന്നുതള്ളിയ നിസ്സഹായരുടെ;
ചിലപ്പോള്‍ അക്രമികളുടെയും-
എണ്ണമെനിക്ക്‌ നിശ്ചയിച്ചത്‌
തൂക്കുകയറല്ലായിരുന്നു...!

Jayakeralam said...

nice writing. regards,
...................................
ജയകേരളം.കോം ....മലയാളം കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, കാര്‍ട്ടൂണുകള്‍ and many more...
http://www.jayakeralam.com

ഫസല്‍ ബിനാലി.. said...

Nice

ഉപാസന || Upasana said...

കവിത നല്ലത്
അതില്‍ ഒരു വിമതസ്വരം ഉണ്ടെന്നുള്ളത് വിസ്മരിക്കാന്‍ സാധിക്കില്ല.
:)
ഉപാസന

ദിലീപ് വിശ്വനാഥ് said...

കവിതയ്ക്ക് ഒരു ഇഴച്ചില്‍ ഉണ്ട്. ഒന്നുകൂടെ മുറുക്കാന്‍ ശ്രമിക്കുക. നന്നായി.

Sathees Makkoth | Asha Revamma said...

കവിത നന്നായി.

സഹയാത്രികന്‍ said...

കൊള്ളാം
:)

വേണു venu said...

യുദ്ധത്തില്‍‍ ജയം മാത്ര്മല്ലേ ഉള്ളു.
യുദ്ധകളത്തില്‍‍ മനസ്സാക്ഷി ഇല്ലല്ലോ.:)‍

ശ്രീ said...


വസ്ത്രത്തിന്‌ മുകളില്‍
‍മെഡലുകളേറെ
ചാര്‍ത്തിക്കിട്ടിയപ്പോള്‍
അഭിമാനിക്കേണ്ടി വന്നു.
കൊലയ്ക്കായി...
ലൈസന്‍സ്‌ ലഭിച്ചതില്‍..!”

നല്ല കവിത!

:)

Sethunath UN said...

ന‌ന്നായി

K M F said...

now i enjoying poeams through your blog,thanks for sharing it with us..

Murali K Menon said...

“യുദ്ധത്തില്‍ ജയവും, പരാജയവുമില്ല, മരണം മാത്രമേ ഉള്ളു“.

വാല്‍മീകി പറഞ്ഞതുപോലെ കുറച്ച് പരത്തി പറഞ്ഞിരിക്കുന്നു. കുറുക്കുക... എന്താണാവോ എല്ലാവരും കുറുക്കു കഴിക്കുന്ന പ്രായമാണെന്നാ തോന്നണത്.
ആശയം നന്ന്. ഭാവുകങ്ങളോടെ

ഹരിശ്രീ said...

പക്ഷേ;..............................
മനുഷ്യത്വത്തിന്റെ
അവസാനത്തെ കണികയും
മരവിച്ചിട്ടില്ലാത്തതിനാല്
‍എനിക്കും മനുഷ്യനാവേണ്ടതുണ്ട്‌...?

അതാണ് ശരി. ഓരോ സൈനികന്റെ ഉള്ളിലും ഒരു നല്ല മനുഷ്യമനസ്സുണ്ട്, മനുഷ്യത്വമുണ്ട് സാഹചര്യങ്ങള്‍ അവനെ പലതും ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു.

കവിത വളരെ ഇഷ്ടപ്പെട്ടു.ആശംസകള്‍

മുസാഫിര്‍ said...

യുദ്ധത്തില്‍ രണ്ടാം സ്ഥാനക്കാരന് സമ്മാനമില്ല എന്നാണല്ലോ പറയാ‍റ്.അപ്പോള്‍ പൊരുതുന്നതൊക്കെ സ്വന്തം ജീവനു വേണ്ടി ആദ്യവും,പിന്നെ രാ‍ജ്യത്തിനും വേണ്ടി ആവുന്നു.
ആശയം നന്ന്.പക്ഷെ അതിലുള്‍ക്കൊള്ളുന്ന വികാരം അത്ര തീവ്രമായി പ്രതിഫലിക്കാന്‍ കഴിഞ്ഞില്ലാ എന്നു തോന്നി.

തെന്നാലിരാമന്‍‍ said...

നന്നായിട്ടുണ്ട്‌...:-)

മന്‍സുര്‍ said...

അമൃതാ...

ഒരുപാടിഷ്ടായിട്ടോ....അതെ ഈ കവിത

രാജ്യത്തിന്‌ വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍
ഊണില്ലാതെ,ഉറക്കമില്ലാതെ...നമ്മുടെ രക്ഷക്കായ്‌..സന്തോഷത്തിനായ്‌...അവരുടെ സന്തോഷങ്ങള്‍ ബലിയാക്കി പോരാടുന്നിവര്‍ യന്ത്രങ്ങള്‍ അല്ല....നമ്മെ പോലെ ജീവനുള്ള മനുഷ്യര്‍
ഒരു ചടങ്ങും , മെഡലും നല്‍കി
ഒരു കൂട്ട വെടിയില്‍ അന്ത്യകര്‍മ്മങ്ങള്‍ തീര്‍ത്ത്‌
മറന്നു പോകുന്നു നാമീ ധീരരെ...യോദ്ധരെ

ദീപാവലി ആശംസകള്‍


നന്‍മകള്‍ നേരുന്നു

Pongummoodan said...

" ആത്മാര്‍ത്ഥതയില്ലാതെ കള്ളം പറയുന്നതിനേക്കാള്‍ മുഖമൂടിയഴിച്ച്‌ വച്ച്‌ സത്യം പറയാനാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌; പലപ്പോഴും അത്‌ നടക്കാറില്ലെങ്കിലും "

നല്ല ചിന്ത.
എല്ലാ ഭാവുകങ്ങളും.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ഉപാസന എന്റെ ‘കാവല്‍ക്കാര്‍’ എന്ന കവിതക്കു വേണ്ടിയെഴുതിയ കമന്റില്‍ അമൃതയുടെ കവിതയെപ്പറ്റിയുള്ള പരാമര്‍ശത്തിലൂടെയാണ് ഞാന്‍ സത്യത്തില്‍ അമൃതയുടെ ‘സൈനികനെ” തേടാന്‍ തുടങ്ങിയത്. ഇതിനു മുമ്പ് വേറൊരു ലിങ്കിലൂടെ അമൃതയുടെ ബ്ലോഗിലെത്തിയെങ്കിലും അന്നു കമന്റിട്ടത് ഇതിനു ശേഷമെഴുതിയ കവിതക്കായിരുന്നു. സാങ്കല്‍പ്പികമായ അതിരുകള്‍ കാക്കാന്‍ വിധിക്കപ്പെട്ട് മരണത്തിന്റെ താഴ്വരയിലേക്കു പോകേണ്ടി വരുന്ന മനുഷ്യരുടെ നിസ്സഹായതയും വേദനയും അമൃതയുടെ കവിതയിലുണ്ട്. അഭിനന്ദനങ്ങള്‍.

നിരക്ഷരൻ said...

മനുഷ്യത്വമെന്നത്‌
യന്ത്രങ്ങള്‍ക്കാവശ്യമില്ല
ജീവനും......

:-)
:-)

Anonymous said...

"രാജ്യങ്ങളുടെ അതിര്‍ത്തി
പലപ്പോഴും വേര്‍തിരിച്ചത്‌
ജീവന്റെ തുടിപ്പിനെയും
മരണത്തിന്റെ നനുത്ത
നിശബ്ദതയെയുമായിരുന്നു."

കൊള്ളാം...കവിത നന്നായി
അമൃതാ...

ഹാരിസ്‌ എടവന said...

ആഗോളപൌരനാവുക.
അതിര്‍ത്തികള്‍ ഇല്ലാത്തൊരു ലോകത്തെ സ്വപ്നം കാണുക.അക്രമത്തിനെതിരെ ഐക്യപ്പെടുക.
അതുതന്നെയാണു ഒന്നും ചെയ്യാ‍ന്‍ കഴിയാത്തതിനേക്കാള്‍വലുത്.