28 August 2007

തെറ്റ്‌



കരി പുരണ്ട സ്വപ്നങ്ങള്‍ക്കിടയില്‍
ഒരിക്കല്‍, ഒരിക്കലെങ്കിലും
തൂവെള്ളക്കുതിരപ്പുറത്തേറി
കനല്‍ വാരിവിതറിയ രാജപാതയില്‍
പതിയെ; സഞ്ചരിക്കുവാന്‍
ആഗ്രഹിക്കുന്നതിലെന്താണ്‌ തെറ്റ്‌..?

തിടുക്കമൊന്നും പ്രകടിപ്പിക്കേണ്ടതില്ല-
ചുട്ടുപഴുത്ത കാരിരുമ്പ്‌
സ്നേഹത്തോടെ; അതിലേറെ നിറഞ്ഞ
ആത്മാര്‍ത്ഥതയോടെ പതിയെ,
നിന്റെ കഴുത്തിലാഴ്ത്തുവാന്‍
എനിക്ക്‌ എന്തിഷ്ടമാണെന്നോ....
അല്ല; അതിലെന്താണ്‌ തെറ്റ്‌...?

ഒരു കഥയെഴുതണമെന്നുണ്ട്‌;
പക്ഷെ, അതിന്‌ അനുഭവങ്ങള്‍
വേണമെന്നാണ്‌ പലരും പറയുന്നത്‌.
പ്രണയത്തെപ്പറ്റിയെഴുതാന്‍ കുറഞ്ഞത്‌
നാലുപേരെയെങ്കിലും സ്നേഹിച്ചിരിക്കണമത്രെ.
കൊലപാതകത്തെപ്പറ്റി എഴുതാന്‍
ഒരു കൊലയെങ്കിലും ചെയ്തിരിക്കണം-
അതാണത്രേ....അനുഭവത്തിന്റെ വില..
അല്ല; അങ്ങനെ പറയുന്നതില്‍ എന്താണ്‌ തെറ്റ്‌?

നിനക്ക്‌ ശരിയെന്നു തോന്നുന്നത്‌-
എനിക്ക്‌ പലപ്പോഴും തെറ്റായിത്തോന്നാം.
നിനക്ക്‌ തെറ്റെന്നുറപ്പുള്ളത്‌
ചിലപോള്‍ എന്റെ ശരിയുമാവാം...
അതിലെന്താണ്‌...സുഹൃത്തെ...തെറ്റ്‌..?

23 August 2007

കാര്‍മേഘം


കാര്‍മേഘം എനിക്ക്‌ സമ്മാനിച്ചത്‌
ഇരുണ്ട രാവുകളെയായിരുന്നു
ചന്ദ്രബിംബം ദാനം നല്‍കിയത്‌
നിലാവിന്റെ മരീചികയെയും..

പ്രണയം എനിക്ക്‌ സമ്മാനിച്ചത്‌
നോവേറിയ നൊമ്പരങ്ങളായിരുന്നു
വിരഹം എന്നില്‍ അടിച്ചേല്‍പ്പിച്ചത്‌
ഉറക്കമില്ലാത്ത നിശീഥിനികളെയായിരുന്നു

അയലത്തെ കുട്ടി പതുക്കെ പാടുന്നു.
അല്ല അവള്‍ പാടാനുള്ള ശ്രമത്തിലാണ്‌

'രാവിലും പുലരിയിലുമണയാതേതോ
കിനാവിന്റെ ഇതളുകള്‍ മാഞ്ഞു
പൂവിലും തളിരിലുമണയാതേതോ
പൂന്തേനില്‍ സ്വാദ്‌ ഞാന്‍ നുകര്‍ന്നു

മൗനത്തില്‍ കൈപ്പിടിയിലൊതുങ്ങാന്
മടിക്കൂമീയക്ഷരങ്ങള്‍ നാവിന്റെ തുമ്പില്‍
നിശ്ചലമാകുമാ ദശയില്‍പോലുമെ
ന്നംഗങ്ങള്‍ലാസ്യമാം നടനം തുടര്‍ന്നു.....'

എന്തു പാട്ടാണിത്‌.... ഇതിനെ...
കവിതയെന്ന്‌ വിളിക്കാമോ...?

കാല്‍പനികതയുടെ ശവപ്പറമ്പില്
‍നിയോകൊളോണിത്തിന്റെയും,
ഇംപ്രഷനിസത്തിന്റെയും അതിര്‍വരമ്പില്‍
ബന്ധിച്ചുനിര്‍ത്തിയത്‌..നിര്‍ത്തുവാന്‍ ശ്രമിച്ചത്‌
കവിത നശിപ്പിക്കുവാനായിരുന്നോ...?
ആയിരിക്കില്ല.. അല്ലേ....
ആവരുതെന്ന്‌ ആശിക്കുന്നു
നിങ്ങളെപ്പൊലെ തന്നെ ഞാനും....

08 August 2007

'അവന്റെ.....ലോകം.........അവരുടേതും'


ചിതലരിച്ചുതുടങ്ങിയ ജാലകത്തിലെ തുരുമ്പിച്ച അഴികള്‍ക്കിടയിലൂടെ മീനാക്ഷി പുറത്തേക്കു നോക്കി. തന്റെയുള്ളില്‍ ഘനീഭവിച്ചിരിക്കുന്ന അടക്കാനാവാത്ത ശോകം കടമെടുത്ത്‌ ആകാശം കാര്‍മേഘങ്ങള്‍കൊണ്ട്‌ ചിത്രം വരച്ചുവെന്ന്‌ അവള്‍ക്ക്‌ തോന്നി. നിലാവ്‌ ചിന്തുന്ന രാത്രിയിലും കാര്‍മേഘങ്ങളെക്കണ്ട്‌ അവള്‍ അതില്‍ അതിശയപ്പെട്ടില്ല. അടക്കാനാവാത്ത ദുഃഖം കൊണ്ട്‌ ഇടനെഞ്ച്‌ പിടയുന്നതിനിടയിലും അവള്‍ ചന്ദ്രിക പൊഴിക്കുന്ന അമ്പിളിമാമനെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു.



വെറുതായാണെന്നറിയാമെങ്കിലും അവള്‍ ഉറങ്ങാനുള്ള തയ്യാറെടുപ്പിനൊരുങ്ങി. കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവള്‍ക്ക്‌ ഉറക്കം വന്നില്ല. എന്തിനാണ്‌ ഞാനിങ്ങനെ വിഷമിക്കുന്നത്‌? അവനെന്നെ ഉപേക്ഷിച്ചതിന്‌ ഞാനെന്തിന്‌ ഇത്രമാത്രം ദുഃഖിതയാവണം? അവനെപ്പോലെ എനിക്കും എന്തുകൊണ്ട്‌ എല്ലാം മറന്നുകൂടാ......... അവള്‍ക്കതിനുത്തരം കിട്ടിയില്ല. ഒരു പാടാലോചിച്ചെങ്കിലും..........



കുട്ടിക്കാലത്ത്‌ മണ്ണപ്പം ചുട്ടുകളിച്ചതും, കളിക്കല്യാണം കഴിച്ചതുമെല്ലാം മുതല്‍ക്കുള്ള കാര്യങ്ങളെല്ലാം അവളുടെ മനസ്സിലൂടെ മിന്നിമറിഞ്ഞു. ബാല്യവും, കൗമാരവും കടന്ന യൗവനത്തിലെത്തിയിട്ടും തീഷ്ണത മങ്ങാതിരുന്ന തങ്ങളുടെ പ്രണയവും, അപ്രതീക്ഷിതമായ വേര്‍പിരിയലും.............. മറ്റും ഓര്‍ക്കുമ്പോള്‍ മീനുവിന്റെ മനസ്സില്‍ തീകോരിയിട്ടപോലെ തോന്നി. പക്ഷേ...................



'ഇനിയെങ്കിലും ടി വി ഓഫാക്കി പഠിക്കാനിരിക്കെടീ.........' അമ്മയുടെ ശകാരം കേട്ട്‌ ആര്‍ഷ മെഗാസീരിയലിന്റെ മായികലോകത്ത്‌ നിന്നുണര്‍ന്നു. മീനുവിന്‌ ഇനി എന്താണ്‌ സംഭവിക്കുക എന്നതറിയാതെ ടി വി ഓഫാക്കുകയെന്നത്‌ അവളെക്കൊല്ലുന്നതിനു സമമായിരുന്നു. ആകാംഷയോടെ ടി വി സ്ക്രീനിലേക്ക്‌ നോക്കിയപ്പോള്‍ തുടരും..... എന്ന വാചകം കണ്ട്‌ നിരാശയാവേണ്ടി വന്ന മീനു ഒരു തരം ഭ്രാന്തമായ അവസ്ഥയിലേക്ക്‌ എത്തുകയായിരുന്നു. ആകാംഷയുടെ സൂചിമുനകള്‍ ഹൃദയത്തിലേക്ക്‌ നിര്‍ദ്ദയം തറച്ചുകയറിയപ്പോള്‍ അവള്‍ ഉറക്കെ നിലവിളിച്ചു........



കുട്ടന്‌ ചിരി വന്നു. എന്താണീ കഥയുടെ അര്‍ത്ഥം. മീനാക്ഷിയുമായും, ആര്‍ഷയുമായും കുട്ടന്‌ ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. വെറുതെ വെറുതെ എന്തൊക്കെയോ മനസ്സില്‍ ആലോചിച്ചു കൂട്ടുകയാണിവര്‍. മറ്റുള്ളവരുടെ വേദനയില്‍ പങ്കുകൊള്ളണം പോലും....എന്തിന്‌? കുട്ടന്‌ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.