30 July 2008

അകലം


വിയര്‍പ്പ്‌ പൊടിഞ്ഞുതുടങ്ങിയ
ദേഹത്തോട്‌ പറ്റിച്ചേര്‍ന്നിരിക്കാന്‍
കഴിയാത്തതുകൊണ്ടായിരിക്കാം
ഇടതുവശത്ത്‌ നാലറകളിലായി
അടക്കം ചെയ്ത ചുവന്നപാത്രം
ആവേശത്തോടെ കുതിക്കുകയായിരുന്നു.

വേഗത തീരെ കുറവാണെന്ന്‌
അവളോട്‌ ഉറക്കെപറയാന്‍
വല്ലാത്തൊരു മടിയായിരുന്നു
നന്നെ തളര്‍ന്നു തുടങ്ങിയ
കണങ്കാലുകള്‍ക്ക്‌;

കൃഷ്ണനിറമാര്‍ന്ന
ഇളംമേനിയ്ക്കകത്തെ
വെളുത്ത മനസ്സിന്‌ എന്നാല്‍;
ഒട്ടും അറപ്പ്‌ തോന്നിയിരുന്നില്ല.
അവളുടെ സ്ഥൂലശരീരത്തിന്‌
ആ കുതിപ്പ്‌ ചേരില്ലെന്ന്‌ പറയാന്‍.

കടല്‍ക്കരയില്‍ നിന്നും
ആര്‍ത്തലച്ചെത്തുന്ന
തണുത്ത കാറ്റിനെ
പ്രതിരോധിക്കാന്‍ മാത്രം
ശക്തിയില്ലായിരുന്നു.
അലക്ഷ്യമായി ധരിച്ച
വസ്ത്രത്തിനുള്ളിലെ
തളര്‍ന്ന മേനിയ്ക്ക്‌.

ഓരോ കാല്‍വയ്പ്പിലും
അവളുടെ ശിരസ്സ്‌
പിറകോട്ട്‌ ചലിച്ചുകൊണ്ടിരുന്നു.
ഭീതിയുടെ തീവ്രത
ഉറക്കം തൂങ്ങിയ കണ്ണൂകളിലെ
ഇരുണ്ട കൃഷ്ണമണികള്‍
വിളിച്ചറിയിക്കാന്‍ ശ്രമിച്ചു.

തനിക്ക്‌ പിന്നിലായ്‌
പതിയെ നടന്നു തുടങ്ങുന്ന
ആ കറുത്ത രൂപം
സ്വന്തം നിഴലാണെന്ന്‌
വിശ്വസിക്കുവാനാണ്‌
ആഗ്രഹിച്ചിരുന്നത്‌. പക്ഷെ;
നിഴലിനും ജീവനുണ്ടെന്ന തോന്നല്‍
അവളുടെ കാലടികള്‍ക്കിടയിലെ
അകലം വര്‍ധിപ്പിച്ചുകൊണ്ടിരുന്നു.