15 June 2008

ഷഹരാസാദ്‌


""വാമഭാഗമെന്ന്‌ കരുതി
ഓമനിച്ച പ്രിയപത്നി
ശയനസുഖത്തിന്‌
മറുകര തേടിയപ്പോള്‍
അപമാനബോധത്തേക്കാള്‍
അമര്‍ഷമായിരുന്നു
ഷഹരിയാറിനെ നയിച്ചതെന്ന
സത്യം വിളിച്ചുപറയാന്‍

സുല്‍ത്താണ്റ്റെ വാള്‍ത്തലപ്പില്‍
നിന്നുതിര്‍ന്നുവീണ രാജ്ഞിയുടെ
ചോരത്തുള്ളികള്‍ക്ക്‌
വല്ലാത്ത ധൃതിയായിരുന്നു.. ."

"പ്രണയവുമടുപ്പവും
പകയുടെ തീക്കനലിന്‌
വഴിമാറിത്തുടങ്ങിയപ്പോള്‍
അറ്റുവീണ ശിരസ്സ്‌
ദാനം ചെയ്ത

ചുവന്ന ജലത്തിനും
തീഷ്ണത പോരെന്ന്‌
ഷഹരിയാറിണ്റ്റെ മനം മന്ത്രിച്ചു.
ഗരിമയുടെ ചക്രവാളത്തിന്‍മേല്‍
കരിനിഴല്‍ വീഴ്ത്തിയ വഞ്ചനയ്ക്ക്‌
കണക്കുപറയേണ്ടിവന്നത്‌
രാജ്യത്തെ കന്യകമാരായിരുന്നു."

"ഓരോ ആദ്യരാത്രികളും
അന്ത്യരാത്രിയുടെ
മൂടുപടമണിഞ്ഞപ്പോള്‍
മണല്‍ക്കാടുകള്‍ ചുടുചോര
കിനിയുന്ന കന്യാശിരസ്സുകള്‍

സഹര്‍ഷം ഏറ്റുവാങ്ങി
ദാഹം ശമിപ്പിക്കുവാന്‍ ശ്രമിച്ചു."

"മരണത്തിണ്റ്റെ ഗന്ധമുള്ള
മണിയറയുടെ അകത്തളത്തിലേക്ക്‌
ഊരിപ്പിടിച്ച ഖഡ്ഗവുമായെത്തിയ
സുല്‍ത്താനെ,
ഷഹരാസാദെന്ന*
മന്ത്രിപുത്രി നയിച്ചത്‌
കഥകളുടെപറുദ്ദീസയിലേക്കായിരുന്നു."

"പ്രതികാരം ജിജ്ഞാസയ്ക്ക്‌
വഴിമാറിയപ്പോള്‍
ഷഹരിയാറിന്‌ നിദ്രാവിഹീനമായ
ആയിരത്തൊന്ന്‌ രാവുകള്‍
കനിഞ്ഞുനല്‍കിക്കൊണ്ട്‌
ഷഹരാസാദിണ്റ്റെ ചെഞ്ചുണ്ടില്‍
കഥകളുടെ കനലെരിഞ്ഞു."

"ഒടുവില്‍;
ആകാംക്ഷയുടെ ഏണിപ്പടിയിലേക്ക്‌
തണ്റ്റെ ആത്മാവിനെത്തന്നെ
നയിച്ചാനയിച്ച
കഥകളുടെ തമ്പുരാട്ടിയെ
വാളിന്നിരയാക്കാന്‍

മനസ്സ്‌ ഒരുക്കമല്ലായിരുന്നു.
സുല്‍ത്താണ്റ്റെ ഹൃദയം
അതിനകംതന്നെ
അവളുടേതായിക്കഴിഞ്ഞിരുന്നു."


(* : ജീവനെപ്പോലെ താന്‍ സ്നേഹിച്ച രാജ്ഞിയുടെ
വിശ്വാസവഞ്ചനയ്ക്ക്‌ പാത്രമാവേണ്ടിവന്ന
ഷഹരിയാര്‍ രാജാവ്‌ അവളെ തണ്റ്റെ വാളിന്നിരയാക്കി.
അമര്‍ഷം അടക്കാനാവാതെ തുടര്‍ന്ന്‌ ഓരോ ദിനങ്ങളിലും
കന്യകകളെ വിവാഹം ചെയ്ത്‌ അവരെ വിവാഹരാത്രിയില്‍

തന്നെ വധിച്ച സുല്‍ത്താണ്റ്റെ രോഷമടക്കിയത്‌
ഷഹരാസാദെന്ന മന്ത്രിപുത്രിയായിരുന്നു. കഥകളുടെ കലവറയിലേക്ക്‌
സുല്‍ത്താനെ നയിച്ച അവര്‍ ഓരോ രാത്രികളും
ഓരോ കഥകള്‍ പറഞ്ഞ്‌ സുല്‍ത്താനെ രസിപ്പിച്ചു.
ആയിരത്തൊന്ന്‌ രാത്രികള്‍ ഷഹരിയാറിനെ
ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്‌ ഷഹരാസാദ്‌ പറഞ്ഞ
കഥകളാണ്‌ ആയിരത്തൊന്ന്‌ രാവുകള്‍ എന്ന പേരില്‍ പ്രശസ്തമായത്‌.)