
"സമയത്തിനൊപ്പം
സഞ്ചരിക്കുന്നതിലുള്ള
വിയോജിപ്പിനാലാവാം
വലിയ ഘടികാരത്തിനുള്ളിലെ
ചെറിയ സൂചി
ഗതിയുടെ ദിശമാറ്റി
പിറകോട്ട്;
സഞ്ചരിക്കുവാന്‍ തുടങ്ങി"
"പതിവിലുമേറെ നേരം
കടലിന്നടിയിലെ
ഏകാന്തതയെ സഹര്‍ഷം
ആസ്വദിക്കാക്കാനുള്ള
അത്യാഗ്രഹം കൊണ്ടാവാം
വര്‍ഷത്തില്‍ ഒരു ദിന*മെങ്കിലും
സൂര്യനത് സാധിച്ചിരുന്നു"
"സ്വയഹത്യ ചെയ്യുന്നവര്‍
'ധൈര്യ'മേറിയവരാണെന്ന
തോന്നല്‍ കൊണ്ടാവാം -
നിശാശലഭങ്ങള്‍ തങ്ങളുടെ
ധീരത തെളിയിച്ചുകൊണ്ടേയിരുന്നു.
തിരിച്ചറിവിന് പോലും
സമയം നല്‍കാതെ. "
"തൊടിയിലെ വടവൃക്ഷം
പൊഴിച്ചുതുടങ്ങിയ
കരിയിലകളെ
നനുത്ത മണ്ണില്‍ നിന്നും
വകഞ്ഞുമാറ്റുവാനായിരുന്നു
നിയോഗം; പക്ഷേ..........
"ശിഖിരങ്ങളോട്
കെട്ടിപ്പിണഞ്ഞുകിടക്കും
പച്ചജീവണ്റ്റെ
തുടിപ്പുള്ള ഇലകളെ;
അല്ല, അവയുടെ നിഴലിനെ
അടിച്ചുവാരുവാന്‍
ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു;
സാധ്യമല്ലെന്ന കാര്യം
അറിഞ്ഞുകൊണ്ട് തന്നെ. "
(* രാവിന് ദൈര്‍ഘ്യം കൂടിയ വര്‍ഷത്തിലെ ഒരേയൊരു ദിനം)