15 April 2008

കണ്ണാടി



"പ്രതീക്ഷകള്‍ക്ക്‌ ജീവന്‍ വച്ച
സ്വപ്നങ്ങള്‍ക്കൊടുവില്‍
പറുദ്ദീസയുടെ
തനിപ്പകര്‍പ്പെന്ന്‌
സ്വയം ധരിച്ചുവെച്ച
ഇടുങ്ങിയ മുറിയുടെ
അകത്തളത്തിലിരിക്കവെ -

"വസൂരി കനിഞ്ഞുനല്‍കിയ
അടയാളങ്ങള്‍
അവളുടെ മുഖത്തിന്‌
മാറ്റൂകൂട്ടിയിരുന്നു...!
ആശ്വാസത്തിന്‌ -
ഇടനല്‍കിയത്‌;
മനസ്സിലേറ്റ പാടിനോളം
വരില്ലല്ലോ പുറത്തുള്ളതെന്ന
തോന്നല്‍ മാത്രം."

"അടങ്ങാത്ത പകയുടെ
തീവ്രത കൊണ്ടാവണം..
ദര്‍പ്പണത്തിന്റെ മറുവശത്ത്‌
ഒളിഞ്ഞുനിന്ന രസപാളികള്‍
പതിയെ അടര്‍ന്നുമാറിതുടങ്ങി"

"തന്റെ പ്രതിബിംബത്തെ
ക്ഷണനേരത്തേക്കെങ്കില്‍ പോലും
അനുവാദമില്ലാതെ
കടമെടുക്കാന്‍
കണ്ണാടിയ്ക്കെന്തവകാശം..?
ആത്മഗതത്തിന്റെ ഉള്ളറകളിലും
കണ്ണാടി കടന്നുകഴിഞ്ഞിരുന്നു.."

"വൈരൂപ്യത്തിന്റെ പ്രഭാവം..
ആത്മവിശ്വാസത്തിന്റെ
അവസാനത്തെ കണികപോലും
അവശേഷിപ്പിക്കാതെ;
മറയില്ലാതെ തുറന്നുകാട്ടാന്‍
'അതിനെ'ങ്ങിനെ
മനസ്സുവന്നു...?"

"വിരോധത്തിനല്‍പം പോലും
മങ്ങലേല്‍ക്കരുതേയെന്ന
ചിന്തയാലാവണം...
അവള്‍ തന്നെതന്നെ
ദര്‍ശിച്ചുകൊണ്ടേയിരുന്നു..
ക്ഷമയുടെ പരിധി;-
പ്രതീക്ഷയുടെ അതിര്‍വരമ്പുകളെ -
വകഞ്ഞുമാറ്റി കടന്നുപോകും വരെ."