14 February 2008

വാലന്റൈന്‍


ആത്മാവിന്റെ പുസ്തകത്തില്‍ നിന്ന്‌
അടര്‍ത്തിയെടുത്ത
ഇതളുകളിലൊന്നില്‍
സുവര്‍ണ ലിപികളില്‍
ഇളംതൂവല്‍ കൊണ്ട്‌
നിന്റെ പേരെഴുതിവച്ചു

യുഗങ്ങളോളം
വെറുതെയിരുന്ന്‌
ആലോചിച്ചൊടുവില്‍
ചിന്തകള്‍ക്ക്‌ വിരാമമിട്ട്‌
വികാരം മനസ്സിനെ
കീഴ്പെടുത്തിയപ്പോള്‍
ഞാന്‍ ആലോചിച്ചുപോയി
നിന്റെ പേര്‌
ഒരിക്കലും മാഞ്ഞുപോവരുതെന്ന്‌

ഇതളുകളടര്‍ത്താതെ വച്ച
താളുകളെല്ലാംതന്നെ ഒരുക്കിവച്ചു
അടര്‍ത്തിയെടുത്ത
നിന്റെ പേര്‌ ആലേഖനം ചെയ്ത
ആ....... താളിനെ
ഹൃദയത്തിന്റെ ചൂടുപകര്‍ന്ന്‌
ഭദ്രമായി സൂക്ഷിച്ചപ്പോഴും...

ആത്മാവിന്റെ കിളിവാതില്‍
ചെമ്മെ തുറന്നിട്ട്‌
പ്രണയത്തിന്റെ റോസാദളങ്ങള്‍
വിതറിയൊരുക്കിയ
സ്വപ്നങ്ങളുടെ മേശപ്പുറത്ത്‌
അത്‌ സൂക്ഷിച്ചിരുന്നു...
ഇന്നും സൂക്ഷിക്കുന്നു.....

പ്രണയമെന്ന വികാരത്തിന്നായ്‌
ജീവന്‍ വെടിഞ്ഞ വികാരിയുടെ
രക്ഷസാക്ഷിത്വദിനം
സ്നേഹിക്കുന്ന ഹൃദയങ്ങള്‍ക്കായ്‌
ഭരണവര്‍ഗ്ഗത്തിന്റെ
വാള്‍ത്തലപ്പുകള്‍ക്കിടയിലേക്ക്‌
തന്റെ ശിരസ്സ്‌
സങ്കോചമില്ലാതെ നീട്ടിക്കൊടുത്ത
പാതിരിയുടെ അവസാനദിനം....!

ആ ദിനം തന്നെ വേണമെന്നില്ല..
എനിക്ക്‌ നിന്നെ ഓര്‍മ്മിക്കാന്‍
കാരണം...;
നമുക്കിടയില്‍ വേര്‍തിരിവുകളില്ല
ഞാനും നീയും തന്നെയില്ല
നമ്മള്‍ മാത്രം.....
അതല്ലേ... പ്രണയം....?