
പ്രതീക്ഷയുടെ ചിറകുകളില്‍
ചിലത് കരിഞ്ഞുപോയിരുന്നു.
യാത്രാമൊഴികളും മിഴികളും
ദാനം നല്‍കിയ ശോകം
കടമെടുത്തതുകൊണ്ടാവാം...
പേനയുടെ നാവിന്‍തുമ്പില്‍
അക്ഷരങ്ങള്‍ പലപ്പോഴും
വിറങ്ങലിച്ചു നിന്നു...
വര്‍ഷങ്ങളെ ഹ്രസ്വമാക്കിയ
ക്യാംപസില്‍ നിന്ന്
പടിയിറങ്ങുമ്പോള്‍
തിരിഞ്ഞുനോക്കരുതെന്ന് തോന്നി
പക്ഷെ;
കബളിപ്പിക്കാന്‍ തയ്യാറല്ലായിരുന്നു;-
മനസ്സിനെയും;
സൗഹൃദത്തിന്റെ മനസ്സാക്ഷിയെയും.
റാഗിങ്ങിന്റെ ആദ്യപാഠങ്ങള്‍
ഏറ്റുവാങ്ങിയതും പകര്‍ന്നുനല്‍കിയതും
മനസില്‍ നിന്ന്
മായ്ക്കണമെന്നുണ്ട്...
എങ്കിലും.....
ചേരിതിരിവിന്റെ രാഷ്ട്രീയം
പക്ഷേ;
സൗഹൃദത്തിന്റെ രസതന്ത്രത്തെ
ആകുലപ്പെടുത്തിയിരുന്നില്ല
അക്രമരാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്ക്
രക്തസാക്ഷികളെ നല്‍കാന്‍
കലാലയത്തിലെ
പച്ചമണ്ണ് ഇടക്കിടെ നനഞ്ഞുകുതിര്‍ന്നു...
എരിഞ്ഞടങ്ങിയ ചങ്ങാത്തങ്ങളും
പകഞ്ഞുപൊന്തിയ അസ്വാരസ്യവും
പുതുമയല്ലായിരുന്നു.
ചിറകരിഞ്ഞുവീഴ്ത്തപ്പെട്ട
പ്രണയത്തിന്റെ ഇളം ശലഭങ്ങള്‍ക്ക്
സ്മാരകങ്ങള്‍ തീര്‍ക്കാന്‍
കാലം തയ്യാറാവാത്തതിനാലാവാം
ചുവരെഴുത്തുകള്‍ കടമ നിര്‍വ്വഹിച്ചു;
കരിയുടെയും ഇലയുടേയും
ഔദാര്യത്താല്‍...!
പടിയിറങ്ങുമ്പോള്‍
തൂലികത്തുമ്പാല്‍ കുത്തിക്കുറിക്കുന്ന
അവസാനവാക്കുകള്‍
വ്യര്‍ത്ഥമാണെന്നറിഞ്ഞതു കൊണ്ടാവാം
മനസാക്ഷിയില്‍ ചാലിച്ച
എഴുത്തുകള്‍ക്ക്
നിറം മങ്ങിയത്...
ആത്മപുസ്തകത്താളില്‍
മരിക്കാനാവും
സ്വപ്നങ്ങളുടെ വിധിയെന്ന്
ഓരോ വാക്കുകളും
ഇന്നും വിതുമ്പുന്നു...