അപ്ലിക്കേഷന്‍ചേച്ചിയുടെ മടിയിരുന്ന് കുസൃതിത്തരങ്ങള്‍ ഒപ്പിക്കെ അമ്മൂട്ടി പൊടുന്നനെ പ്രസ്താവിച്ചു-" എനിച്ച് ശബര്യലേല്‍ പോണം".
കുഞ്ഞനുജത്തിയെ താലോലിച്ചിരുന്ന ഗൗരിയ്ക്ക് ആദ്യം കാര്യം പിടി കിട്ടിയില്ല. അവള്‍ അമ്മൂട്ടിയെ സൂക്ഷിച്ചൊന്ന് നോക്കി. തന്റെ മടിയിലുന്ന് കൊണ്ട് ആ മൂന്നുവയസ്സുകാരി എടുത്തടിച്ചപോലെ ഇങ്ങനെയൊരാവശ്യമറിയിച്ചത് അവള്‍ക്ക് അത്ര വേഗം ഉള്‍ക്കൊള്ളാനുമായില്ല. ഗൗരിയുടെ ചിന്തകളെ കീറിമുറിച്ചു കൊണ്ട് വീണ്ടും അമ്മൂട്ടി പ്രസ്താവിച്ചു "എനിച്ച് ശബര്യലേല്‍ പോണം..".
അമ്മയ്ക്കൊപ്പം ടെലിവിഷനെന്ന വിഡ്ഡിപ്പെട്ടിയ്ക്ക് മുന്നില്‍ ചടഞ്ഞിരിക്കാന്‍ പലപ്പോഴും വിധിക്കപ്പെട്ടതാണോ അമ്മുക്കുട്ടിയുടെ പ്രസ്താവനയ്ക്ക് കാരണമെന്ന് ഗൗരി ചിന്തിച്ചു. ഏയ്.. ആയിരിക്കാനിടയില്ല.... സീരിയലിനും റിയാലിറ്റി ഷോകള്‍ക്കുമിടയില്‍ ആത്മീയതയ്ക്കും ശബരിമലയ്ക്കുമൊക്കെ പിന്നെന്തു പ്രസക്തി. എന്നാല്‍ പിന്നെ ഒരേയൊരു ചാന്‍സേയുള്ളൂ. അമ്മു വീണ്ടും അബദ്ധത്തില്‍ ന്യൂസ് അവര്‍ കണ്ടിരിക്കാം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കൈരളി ടി വി കണ്ടതില്‍ പിന്നെ അമ്മുവിന്റെ നാലാം ക്ലാസില്‍ പഠിക്കുന്ന ജ്യേഷ്ഠന് സിനിമാ നടന്‍മാരെക്കാള്‍ പ്രിയം സഖാവ് ഫാരിസിനോടാണുണ്ടായത്. സുരേഷ് ഗോപിയെയും, ലാലേട്ടനെയും, മമ്മുക്കയെയുമൊക്കെ കടത്തിവെട്ടിക്കൊണ്ട് ഉശിരന്‍ ഡയലോഗുകള്‍ കാച്ചിയ സുന്ദരനായ കോടിശ്വീരന്‍ അരുണിന് വെറുക്കപ്പെട്ടവനായിരുന്നില്ല.
അരുണിന്റെ കാര്യം.. പോട്ടെ ഈ അമ്മു എന്തിനാണ് അങ്ങനെ പറഞ്ഞത്. മന്ത്രി സുധാകരന്റെ പ്രസംഗം വാര്‍ത്തയില്‍ കാണിക്കുന്നുവെന്ന് തോന്നിയാലുടന്‍ അമ്മ അമ്മുവിന്റെ കണ്ണും കാതും പൊത്തുമായിരുന്നു. മറ്റൊന്നും കൊണ്ടല്ല.. 'വാമൊഴി വഴക്കത്തിന്റെ സൗന്ദര്യം ഇത്ര ചെറുപ്പത്തിലെ കുരുന്നിന്റെ മനസ്സില്‍ പതിയണ്ട' എന്ന ചിന്ത കൊണ്ടു മാത്രം. എങ്കിലും ഇടയ്ക്കെപ്പോഴോ 'സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന' മന്ത്രിയുടെ പ്രസ്താവന അമ്മു കേട്ടിരിക്കാമെന്ന് ഗൗരി കരുതി. അമ്മുവിന് ശബരിമലയില്‍ പോവുന്നതിന് തടസ്സമൊന്നുമില്ല.. പിന്നെ ആര്‍ക്കാണ് തടസ്സം.... തന്നെപ്പോലെയുള്ള കന്യകകള്‍ക്കും, യുവതികള്‍ക്കും... ഗൗരിയുടെ ചിന്ത പിന്നെ അതിനെക്കുറിച്ചായി.
ഋതുമതിയായാല്‍ പിന്നെ ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ല പോലും. അയ്യപ്പന് അത് ഇഷ്ടമില്ലത്രെ.... ഇത് അയ്യപ്പഭഗവാന്‍ നേരിട്ട് പറയാത്തതിനാല്‍ ജ്യോതിഷവിദഗ്ദരും താന്ത്രികരും ചേര്‍ന്ന് പുറത്തിറക്കിയ പ്രമാണം... ഈ പ്രമാണം ലംഘിക്കെപ്പട്ടാല്‍ അത് മഹാ അപരാധമാവുമോ..?ഗൗരിയുടെ മനസ്സില്‍ യുക്തിബോധം ചെറുതായി ഉദിച്ചുവോയെന്നൊരു ശങ്ക. യുക്തിബോധം വലുതായി മനസ്സിലുറച്ചാല്‍ പിന്നെ ദൈവത്തിന് സ്ഥാനമില്ലല്ലോ... ശബരിമലയ്ക്കരുകില്‍ തന്നെയാണ് മാളികപ്പുറത്തമ്മയുടെ ക്ഷേത്രം. മാളികപുറത്തമ്മ അയ്യപ്പ ഭഗവാന് പണ്ട് 'അപ്ലിക്കേഷന്‍' കൊടുത്തുവത്രെ. എന്നാല്‍ തന്നെ കന്നി അയ്യപ്പന്‍മാര്‍ വന്നു കാണാത്ത കാലത്തുമാത്രമെ അപ്ലിക്കേഷന്‍ സ്വീകരിക്കുകയുള്ളൂവെന്ന് പറഞ്ഞ് ഭഗവാന്‍ എളുപ്പത്തില്‍ ഒഴിഞ്ഞുമാറി. മാളികപ്പുറത്തമ്മ ഇന്നും കാത്തിരിക്കുന്നുകയാണത്രെ.... സ്വാമി അയ്യപ്പന്‍ തന്നെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ദിവസവും കാത്ത്....
ഒരു വിശുദ്ധയായ കന്യകയുടെ ആത്മാര്‍ത്ഥമായ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാലാവാമോ ശബരിമലയില്‍ കന്യകമാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്... മധ്യവയസ്കരല്ലാത്ത സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന അലിഖിത നിയമം സ്ഥാപിക്കപ്പെട്ടത്... ആവോ... ഗൗരിയ്ക്ക് ഒന്നും മനസ്സിലായില്ല...പക്ഷെ അവള്‍ക്ക് ചിന്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല...
"എന്നെങ്കിലും മാളികപ്പുറത്തമ്മയുടെ പ്രണയാഭ്യര്‍ത്ഥന സ്വാമി അയ്യപ്പന്‍ സ്വീകരിക്കുമോ..?"